
മേശയ്ക്കു താഴെയുള്ള ട്രങ്ക് പെട്ടിയിലേക്കു നോക്കി. ഇടയ്ക്കു പെട്ടി അനങ്ങുന്നുണ്ടോ എന്നൊരു സംശയം. താഴിട്ടു പൂട്ടിയിട്ടുണ്ട്. പേടിക്കണ്ടെന്നു മനസിനെ പറഞ്ഞു സമാധാനിപ്പിക്കാന്‍ നോക്കി. അപ്പോള്‍ പുറകില്‍ വള്ളിപ്പടര്‍പ്പിലൊരു അനക്കം. പാഞ്ഞു പോയതൊരു അരണ തന്നെയായിരുന്നില്ലേ. തിരുവനന്തപുരത്തെ ശ്രീകാര്യത്ത് ഒരു വീട്ടിലിരിക്കുമ്പോള്‍ ഇങ്ങനെ പലവിധ ആശങ്കകളായിരുന്നു മനസില്‍. വീടിനു മുന്നിലായി ലവ്ബേര്‍ഡ്സിന്‍റെ കൂടിനു മുകളില്‍ പ്ലാസ്റ്റിക് കുപ്പികളിലായി എന്തിന്‍റെയോ മുട്ടകള്‍ സൂക്ഷിച്ചിരിക്കുന്നു. ഇനി ഇതൊരു പക്ഷേ പാമ്പിന്‍റെ മുട്ടകളായിരിക്കുമോ.?
വീടിന്‍റെ മുന്നിലേക്കിരുന്നോളൂ, ഞാന്‍ ഇപ്പോഴെത്താം എന്ന ഫോണ്‍കോളിനു ശേഷമുള്ള കാത്തിരിപ്പു നീളുന്നതിനിടയില്‍, അനവസരത്തില്‍ ചില ചൊല്ലുകളും ഓര്‍മയിലേക്കെത്തി.
ഇടിവെട്ടിയവനെ പാമ്പു കടിച്ചു
പാലു കൊടുത്ത കൈയ്ക്കു കൊത്തി...
വേലിയേലിരുന്ന പാമ്പിനെ..... ആക്റ്റിവയുടെ ശബ്ദത്തില്‍ പഴഞ്ചൊല്ലുകല്‍ ഇഴഞ്ഞകന്നു. കഥയിലെ നാഗനായകന്‍റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ എങ്ങനെയായിരിക്കും എന്നറിയാന്‍ തിരിഞ്ഞു നോക്കി. പുറകിലൊരു കറുത്ത ബാഗും തൂക്കി, വൈകിയതിന്‍റെ വേഗതയോടെയുള്ള എന്‍ട്രി. മുന്നിലെ കസേരയിലിരുന്നു, ആമുഖസംസാരത്തിന്‍റെ ആദ്യഡയലോഗിനു മുമ്പേ കഥാനായകന്‍റെ ഫോണ്‍ ബെല്ലടിച്ചു. ആ സംഭാഷണമിങ്ങനെ...
"" ഹലോ, എന്തു കളറാണ്.
ചാണകപ്പച്ചയോ, ഇടയ്ക്കു നാവു പുറത്തിടുന്നുണ്ടോ. പേടിക്കണ്ട, ചേരയാണ്. ആ വാതിലു തുറന്നിട്ടാല്‍ കുറച്ചു കഴിയുമ്പോ പൊയ്ക്കോളും. ഇല്ലെങ്കില്‍ എന്നെ വിളിച്ചോളൂ ''
പാമ്പുകളുടെ രക്ഷകന്‍
സര്‍പ്പസുന്ദരി എന്നാണല്ലോ വ്യാപകമായ പ്രയോഗം. എന്നാല്‍ ഇതാ സര്‍പ്പങ്ങളുടെ സുന്ദരനായ സുഹൃത്ത്...ശ്രീകാര്യത്തെ സര്‍പ്പസുന്ദരന്‍...വാവ സുരേഷ്. നിഗൂഢതയും ഉദ്വേഗവും അതിലേറെ ഭയവും മനസിലേക്കു ഇഴഞ്ഞെത്തിക്കുന്ന പാമ്പുകളുടെ തോഴന്‍. നാഗങ്ങളുടെ രക്ഷകനാകുക എന്നതു ജീവിതനിയോഗം പോലെ നെഞ്ചേറ്റിയ മുപ്പത്തെട്ടുകാരന്‍. വീടിന്‍റെ ഉള്ളിലേക്കും സ്വസ്ഥജീവിതത്തിന്‍റെ സങ്കേതങ്ങളിലേക്കും അറിയാതെ ഇഴഞ്ഞെത്തുന്ന പാമ്പുകളെ പുറത്തിറക്കിയും, അവയുടെ ജീവന്‍ സംരക്ഷിച്ചും ആ ജീവിവര്‍ഗത്തെ കാക്കുന്നയാള്‍. സുരേഷിനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പലപ്പോഴും സംസാരം മുറിച്ചു കൊണ്ടു ഫോണ്‍ കോളുകള്‍. പാമ്പിനെ കണ്ട പലയിടങ്ങളിലും നിന്ന് കോളുകള്‍ സുരേഷിനെത്തേടി എത്തിക്കൊണ്ടേയിരിക്കുന്നു. ഈ നാട്ടില്‍ ഇത്രയധികം പാമ്പുകള്‍ ഉണ്ടോ എന്നു തോന്നിപ്പിക്കും വിധം. സുരേഷിന്‍റെ പാമ്പനുഭവങ്ങള്‍ വര്‍ണിക്കുമ്പോള്‍ കൗതുകവും ആകാംക്ഷയുമൊക്കെ തോന്നും, അതിലേറെ ഭയവും. എങ്കിലും വളരെ നിസാരമായി തന്‍റെ ഓരോ ഓപ്പറേഷനെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ടേയിരുന്നു. പലപ്പോഴും പകര്‍ത്തിയെടുക്കാന്‍ മറക്കുന്നവിധത്തില്‍ ആ അനുഭവങ്ങള്‍ പകരുന്ന ആകാംക്ഷ അതിതീവ്രമാകുന്നു.

ഓപ്പറേഷന്‍ കിങ് കോബ്ര
"" ഇന്നലെ കോന്നിയിലായിരുന്നു. '' സുരേഷ് ഡയറി തുറന്നു. രക്ഷപെടുത്താന്‍ പോകുന്ന ഓരോ വീടും സ്ഥലവുമൊക്കെ എഴുതിവയ്ക്കും. ഡയറി മാത്രമല്ല, ഒരു ഡിജിറ്റല്‍ ക്യാമറയും കൈവശമുണ്ട്. പാമ്പുകളെ രക്ഷപെടുത്തുന്നതിന്‍റെ ചിത്രങ്ങള്‍ അതില്‍ പകര്‍ത്തിയിരിക്കുന്നു. ഡയറിയിലേക്കു കണ്ണോടിച്ചിട്ടു സുരേഷ് തുടര്‍ന്നു. തുലാപ്പിള്ളിയിലെ ഒരു ജോസഫിന്‍റെ വീട്ടിലാണ് ഇന്നലെ പോയത്. നിസാരക്കാരനല്ലായിരുന്നു പാമ്പ്. രാജവെമ്പാല, കിങ് കോബ്ര. ഒരു കൊത്തു കിട്ടിയാല്‍ നാലോ അഞ്ചോ മിനിറ്റ് മതി മരണം സംഭവിക്കാന്‍. ആന അരമണിക്കൂറിനുള്ളില്‍ തീരുമെന്നു സുരേഷിന്‍റെ സാക്ഷ്യം. ഒറ്റക്കൊത്തില്‍ ഇഞ്ചെക്റ്റ് ചെയ്യുന്നതു മുപ്പതു മില്ലിഗ്രാം വിഷമാണ്. ആ വിഷത്തിന്‍റെ തീവ്രത അത്രയേറെ.
അവിടെ ചെല്ലുമ്പോള്‍ ഒരു വലിയ മരത്തിനു മുകളിലാണു രാജവെമ്പാല. ആളു കൂടിയിട്ടുണ്ട്. പാമ്പ് താഴേക്കു വീഴാന്‍ പാടില്ല. പതുക്കെ കമ്പൊക്കെ ഉപയോഗിച്ചു മരത്തിനു മുകളില്‍ നിന്നു താഴേക്കു കൊണ്ടു വന്നു. പിന്നെ പതിവുപോലെ വാലില്‍ പിടിച്ചു. നാഗങ്ങളുടെ രാജാവിനെ മനുഷ്യരിലെ ഒരു സാധാരണക്കാരന്‍ നിസാരമായി കീഴടക്കി. പിന്നെ ശിഷ്ടജീവിതത്തിനായി ഉള്‍വനങ്ങളുടെ സ്വസ്ഥതയിലേക്ക് തുറന്നുവിട്ടു. വീണ്ടുമൊരു ഫോണ്‍ കോള്‍. തിരുവനന്തപുരത്തിന്‍റെ ഉള്‍നാട്ടിലെ ഏതോ കരിങ്കല്‍ക്കെട്ടിനിടയിലാണു പാമ്പ് കയറിയിരിക്കുന്ന്. ലക്ഷണങ്ങളൊക്കെ ചോദിച്ചു മനസിലാക്കി, സ്ഥലവും മനസിലാക്കിയശേഷം ഫോണ്‍ വച്ചു. കലുങ്കിലും കരിങ്കല്‍ക്കെട്ടിലുമൊക്കെ കയറിയിരിക്കുന്ന പാമ്പിനെ പിടിച്ചതു പുലിവാലായിട്ടുണ്ടെന്നു സുരേഷ്. പലപ്പോഴും ജനങ്ങള്‍ ആവേശംപൂണ്ടു കലുങ്ക് പൊളിച്ചു പാമ്പിനെ പുറത്തെടുക്കാന്‍ പറയും. മതിലും മറ്റുമൊക്കെ പൊളിച്ചതിനു കേസാവുകകയും ചെയ്യും. അതുകൊണ്ടു തന്നെ വളരെ സൂക്ഷിച്ചു മാത്രമേ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാറുള്ളൂ.
വിരിയാന്‍ വൈകിയ പാമ്പിന്‍ മുട്ടകള്‍
വിശാലമായ പറമ്പിലൊക്കെ കാണുന്ന പാമ്പിനെ പിടിക്കാന്‍ ബുദ്ധിമുട്ടാണ്. വീട്ടില്‍ കയറിയ പാമ്പിനെ എളുപ്പം പിടിക്കാം. മൂവ്മെന്‍റ്സ് നോക്കി ചിലതിനെ പിന്തുടരാന്‍ കഴിയും. ആദ്യം കാണുന്ന മാളത്തിലായിരിക്കും മിക്കവാറും കയറിയിരിക്കുക. മാളം പൊളിച്ചാല്‍ അവിടെ ഉണ്ടാകും. സുരേഷ് പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണു സുരേഷിന്‍റെ പ്രധാന പ്രവര്‍ത്തനമേഖല. ഒരു ദിവസം പത്തിനും പതിനഞ്ചിനും ഇടയില്‍ കോളുകള്‍ ഉണ്ടാകാറുണ്ടെന്നു പറയുന്നു സുരേഷ്. കൂടുതലും സന്ധ്യ കഴിഞ്ഞായിരിക്കും. പലരും ജോലിയൊക്കെ കഴിഞ്ഞു വീട്ടിലെത്തുമ്പോഴായിരിക്കും ഈ അപ്രതീക്ഷിത അതിഥി എത്തിയ വിവരം അറിയുന്നത്.
സുരേഷിന്‍റെ വീടിനു മുന്നിലെ കൂട്ടില്‍ നിന്നും വീണ്ടും ലവ് ബേഡ്സിന്‍റെ ശബ്ദം. കൂടിനു മുകളില്‍ വച്ചിരിക്കുന്ന മുട്ടകള്‍ വീണ്ടും സംശയം ജനിപ്പിക്കുന്നു. ഈ കുപ്പിയില്‍ ഇരിക്കുന്നതൊക്കെ... ചോദ്യം മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല. എല്ലാം പാമ്പിന്‍റെ മുട്ടകള്‍, 444 എണ്ണം ഉണ്ട്. കുപ്പിയില്‍ പ്ലാവിലയും മറ്റുമിട്ടാണു സൂക്ഷിച്ചിരിക്കുന്നത്. ഇവ ഇടയ്ക്കു മാറ്റിക്കൊടുക്കണം. സാധാരണയിടങ്ങളിലാകുമ്പോള്‍ നാല്‍പ്പത്തഞ്ചു ദിവസം കൊണ്ടു മുട്ട വിരിയും. കുപ്പിയില്‍ സുക്ഷിച്ചിരിക്കുന്നതു കൊണ്ടു അറുപതു ദിവസമൊക്കെ എടുക്കും.
ബാല്യം പാമ്പുമയം
ശ്രീകാര്യം ചെറുവയ്ക്കല്‍ തേരുവിള വീട്ടില്‍ ബാഹുലേയന്‍റേയും കൃഷ്ണമ്മയുടേയും നാലു മക്കളില്‍ മൂന്നാമന്‍ ചെറുപ്പത്തില്‍ത്തന്നെ പാമ്പുകളുമായി ചങ്ങാത്തം കൂടി. വീടിനു സമീപത്തെ മരച്ചീനി ഗവേഷണ കേന്ദ്രത്തിന്‍റെ പരിസരങ്ങളില്‍ സമൃദ്ധമായി കുറ്റിക്കാടുകളുണ്ടായിരുന്നു, അതുകൊണ്ടു തന്നെ പാമ്പും. അവയുടെ ഒപ്പം കളിച്ചു തന്നെയായിരുന്ന ബാല്യം. മൂര്‍ഖന്‍റെ കുഞ്ഞിനെ കുപ്പിയിലാക്കിത്തുടങ്ങിയ വിനോദം. പിന്നീട് ഒരുപാടു പേരുടെ ജീവന്‍ രക്ഷിക്കുന്നതിലും, പാമ്പുകളുടെ ജീവന്‍ സുരക്ഷിതമാക്കുന്നതിലും ചെന്നെത്തുകയായിരുന്നു. നാഗങ്ങളുടെ തോഴാനായുള്ള ജീവിതം തുടങ്ങിയിട്ടു ഇരുപത്താറു വര്‍ഷം പിന്നിടുന്നു. ഒരു ദിവസം പോലും വിശ്രമമില്ല. എല്ലാ ദിവസം എവിടെ നിന്നെങ്കിലുമൊക്കെ സുരേഷിനെത്തേടി കോളുകള്‍ എത്തും.
ഇരുപത്തൊമ്പതിനായിരം പാമ്പുകള്‍ ഇരുനൂറ്റമ്പത്തഞ്ചു കടികള്‍
ഇരുപത്താറു വര്‍ഷത്തിനിടെ സുരേഷ് പിടിച്ചതു ഇരുപത്തൊമ്പതിനായിരത്തിലധികം പാമ്പുകളെ. ഇതില്‍ മൂന്നരവര്‍ഷത്തിനിടെ പതിനേഴു രാജവെമ്പാലകളെ പിടിച്ചു. ഒരു പക്ഷേ, കുറഞ്ഞ കാലയളവിനുള്ളില്‍ ഇത്രയും കോബ്രകളെ പിടിക്കുന്നതൊരു റെക്കോഡായിരിക്കും. 2011ല്‍ മാത്രം മൂവായിരത്തിലധികം പാമ്പുകള്‍ സുരേഷിന്‍റെ കൈകളിലായി. ഈ വര്‍ഷം ഇതുവരെ 464 പാമ്പുകളും. വേണമെങ്കില്‍ മറ്റൊരു റെക്കോഡ് കൂടി സുരേഷിന്‍റെ പേരില്‍ എഴുതിച്ചേര്‍ക്കാം. ഇതുവരെ 255 പ്രാവശ്യം പാമ്പിന്‍റെ കടിയേറ്റിട്ടുണ്ട്. അതിഗുരുതരമായി ആശുപത്രിയില്‍ കിടന്നിട്ടുണ്ട്. പലപ്പോഴും പാമ്പിനെ പിടിച്ച് ചാക്കിനകത്താക്കിയശേഷം ജനങ്ങളെ കാണിക്കാന്‍ വീണ്ടും പുറത്തെടുക്കുമ്പോഴാണ് കടികിട്ടുക. അപകടമാണെന്ന് അറിയാമെങ്കിലും പലപ്പോഴും നാട്ടുകാര്‍ സമ്മതിക്കില്ല, വീണ്ടും കാണിക്കാന്‍ ആവശ്യപ്പെടും. അന്യന്‍റെ ജീവന്‍ നഷ്ടപ്പെട്ടും കൗതുകം ആസ്വദിക്കാനുള്ള മോഹം അത്രയ്ക്കു തീവ്രമെന്നു ചുരുക്കം.
എന്നാല്‍ എല്ലാത്തവണയും പാമ്പിന്‍റെ കടിയേറ്റാല്‍ ആശുപത്രിയില്‍ പോകാറില്ലെന്നു സുരേഷ് പറയുന്നു. ഇപ്പോള്‍ ശരീരത്തില്‍ത്തന്നെ ആ വിഷത്തിനുള്ള പ്രതിരോധശേഷി വളര്‍ന്നു വന്നു തുടങ്ങിയിരിക്കുന്നു. എവിടെ നിന്നെങ്കിലും വിളി വന്ന് അവിടേക്കു പോകുമ്പോള്‍ത്തന്നെ ചിലപ്പോള്‍ മനസു പറയാറുണ്ട്, ഇന്ന് അപകടം പറ്റുമെന്ന്. പാമ്പിന്‍റെ കടിയേറ്റ പലതവണയും ഇത്തരം തോന്നലുണ്ടായിട്ടുണ്ട്.
പാമ്പിനു പകയില്ല
പാമ്പ് പക കാത്തുസൂക്ഷിക്കുന്ന ജീവിയാണ് എന്നതടക്കം ഒരുപാട് കഥകള്‍. പാമ്പിന് ഓര്‍മശക്തയില്ല. കുറച്ചെങ്കിലും ഓര്‍മ വയ്ക്കുന്നതു പെരുമ്പാമ്പും കിങ് കോബ്രയുമാണെന്നു സുരേഷിന്‍റെ അനുഭവം. ബാക്കിയെല്ലാം കഥകളാണ്. ഒരിക്കലും ഇണങ്ങാത്ത ജീവിയാണ് പാമ്പ്. പാമ്പാട്ടികള്‍ കാണിക്കുന്നതു വിഷഗ്രന്ഥി റിമൂവ് ചെയ്ത പാമ്പുകളെയാണ്. അതുകൊണ്ടു കടിയേറ്റാലും ഒന്നും സംഭവിക്കില്ല.
മൂര്‍ഖനും ചേരയും ഇണചേരുമെന്നതു ഏറെ വേരോട്ടമുള്ള മറ്റൊരു കഥ. പക്ഷേ അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്നു സുരേഷ് പറയുന്നു. മറ്റുള്ള പാമ്പുകളെ ഭക്ഷണമാക്കുന്ന പാമ്പാണു മൂര്‍ഖന്‍. അതിനുള്ള ശ്രമം ഇണചേരലായി തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കും. അണലി വാ തുറന്നാല്‍ മരച്ചീനിക്കെട്ടിന്‍റെ മണമാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. പണ്ടുകാലങ്ങളില്‍ സന്ധ്യയായാല്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങാതിരിക്കാന്‍ ഏതോ ഒരു അമ്മ എയ്തു വിട്ട കഥയാകാം. സത്യത്തില്‍ അതു കേരളത്തില്‍ ഏറെ കണ്ടുവരുന്ന പാടത്താളിയുടെ മണമാണെന്നു സാക്ഷ്യപ്പെടുത്തുന്നു സുരേഷ്.
കേരളത്തില്‍ എണ്‍പതിനം പാമ്പുകളുണ്ടെന്നാണ് സുരേഷിന്‍റ കണക്ക്. സാധാരണ നാട്ടില്‍ കാണുന്നവയില്‍ മൂന്നു പാമ്പുകള്‍ക്കേ വിഷമുള്ളൂ. അണലി (വൈപ്പര്‍ ), മൂര്‍ഖന്‍ ( കോബ്ര), ശംഖുവരയന്‍ അഥവാ വെള്ളിക്കെട്ടന്‍. ഇപ്പോള്‍ സുരേഷിന്‍റെ സംരക്ഷണത്തില്‍ ഇരുനൂറിലധികം പാമ്പുകളുണ്ട്. അവയെ പിന്നീട് ഉള്‍വനങ്ങളില്‍ വിടും. ഇവയ്ക്കു എലിയെയാണു ഭക്ഷണമായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 740 പാമ്പുകള്‍ക്കാണു വനത്തില്‍ സ്വൈരവിഹാരത്തിനായി വഴി തുറന്നു കൊടുത്തത്.
നാഗങ്ങളെക്കുറിച്ചു സുരേഷിനുള്ളതു ഒരു പുസ്തകവും പകര്‍ന്നു കൊടുത്ത അറിവല്ല. ഇവിടെ പത്തി വിടര്‍ത്തിയാടുന്നതു അനുഭവങ്ങള്‍ തന്നെ. എത്രയോ മനുഷ്യജീവനുകള്‍ രക്ഷിച്ചു. എത്രയോ പാമ്പങ്ങളെ ഉള്‍വനങ്ങളുടെ സുരക്ഷിതത്വത്തിലേക്കു വിട്ടു. ഒരുപാടു പേര്‍ സഹായം തേടിയെത്തുന്നു. 9387974441 അതാണു സുരേഷിന്‍റെ നമ്പര്‍.
പറഞ്ഞു തീര്‍ന്നില്ല അതാ ഫോണ്‍ വീണ്ടും ശബ്ദിക്കുന്നു. കാടിന്‍റെ സ്വൈരസ്ഥലം നഷ്ടമായ ഏതോ ഒരു പാമ്പ് വീണ്ടും വീടുകളുടെ സുരക്ഷിതത്വത്തിലേക്കു ഇഴഞ്ഞെത്തിയിരിക്കുന്നു. ഈ സേവനത്തിന് ഒരിക്കല്‍പ്പോലും കണക്കുപറഞ്ഞു കാശു മേടിച്ചിട്ടില്ല. തരുന്നതു മേടിക്കും. തന്നില്ലെങ്കില്‍ പരാതിയുമില്ല. സുരേഷ് പുറപ്പെടുകയായി. പുറകില്‍ കറുത്ത ബാഗ് തൂക്കിക്കഴിഞ്ഞു. സ്വന്തം ജീവന്‍ പണയം വച്ചുള്ള സേവനത്തിന്‍റെ ലഹരിയിലേക്കുള്ള അടുത്ത യാത്ര തുടരുന്നു. സുരേഷിന്‍റെ വരവും കാത്ത് മറ്റൊരാള്‍ ഒളിത്താവളത്തിന്‍റെ കരിയിലക്കൂട്ടങ്ങള്‍ക്കുള്ളിലേക്ക് ഇഴഞ്ഞു കയറുകയാവും ഇപ്പോള്‍...

ദേ നമ്മടെ തോമസേട്ടന്‍...
എറണാകുളം ജില്ലയിലെ തിരുവൈരാണിക്കുളത്തു നിന്നാരംഭം. കാഞ്ഞൂര്‍ കാലടി വഴി അങ്കമാലിയിലൂടെ മൂക്കന്നൂരും പൂതംകുറ്റിയും പിന്നിട്ടു മുന്നൂര്‍പ്പിള്ളിയില്‍. ഒരു ബസിന്‍റെ യാത്രാവഴിയിലെ സൗഹൃദസ്റ്റോപ്പുകളില്‍ കയറിയിറങ്ങുന്നവര്‍ ധാരാളം. അവരില്‍ പലര്‍ക്കും തോമസേട്ടനെ അറിയാം. പലരും പലവട്ടം ആവര്‍ത്തിച്ചിട്ടുമുണ്ടാകും, ദേ നമ്മടെ തോമസേട്ടന്‍. ഔദ്യോഗിക പേരിന്‍റെ വിശദീകരണങ്ങളിലേക്കു ഡബിള്‍ ബെല്ലടിച്ചാല്‍ കക്ഷി മറ്റൂര്‍ പറക്കാടന്‍ പത്രോസ്-ഏല്യ ദമ്പതികളുടെ മകന്‍ തോമസാണ്. പറക്കാടന്‍ തോമസ് എങ്ങനെ ഒരു പ്രദേശത്തിന്‍റെ തോമസേട്ടനായി എന്ന കഥ ഒരു ബസ് സര്‍വീസില്‍ നിന്നു തുടങ്ങുന്നു. തിരുവൈരാണിക്കുളത്തു നിന്നും കാലടി അങ്കമാലി വഴി മുന്നൂര്‍പ്പിള്ളിയിലേക്കു സര്‍വീസ് നടത്തുന്ന ബ്രദേഴ്സ് ബസിന്‍റെ ഡ്രൈവറാണു തോമസ്. ഒരേ റൂട്ടില്‍ ഇരുപത്തഞ്ചു വര്‍ഷമായി ബസോടിക്കുന്ന ഡ്രൈവര്‍. ബസിന്‍റെ ഉടമകള്‍ നിരവധി തവണ മാറിയിട്ടും ആ റൂട്ടിലെ ബസിന്‍റെ വളയം കൈവിടാത്ത ഡ്രൈവര്‍. ആ മേഖലയിലെ ഏറ്റവും നല്ല ഡ്രൈവറിനുള്ള പുരസ്കാരം നേടിയ വ്യക്തി. ബ്രദേഴ്സിലെ തോമസേട്ടനുള്ളതു വര്‍ഷക്കണക്കിന്‍റെ പരിചയം മാത്രമല്ല അദ്ദേഹം നാട്ടുകാരുടേയും യാത്രക്കാരുടേയും പ്രിയങ്കരന്‍ കൂടിയാണ്. മരണപ്പാച്ചിലിന്‍റേയും മത്സരഓട്ടത്തിന്‍റേയും കഥകള്‍ ചീറിപ്പായുന്ന നിരത്തുകളില്‍ നന്മയുടെ വളയം പിടിക്കുന്നയാളാണ് തോമസേട്ടന്‍.
കഥാപ്രസംഗത്തിന്‍റെ ഭാഷയില്‍പ്പറഞ്ഞാല്‍ ഈ കഥ തുടങ്ങുന്നതു കാലടിയില്‍.
കാലടി ബസ് സ്റ്റാന്‍ഡ്.
സമയം ഉച്ചയ്ക്കു പന്ത്രണ്ടേ കാല്‍.
അങ്കമാലി ഭാഗത്തു നിന്നു സ്റ്റാന്‍ഡിലേക്കെത്തി, ബ്രദേഴ്സ് ബസ്. സാരഥിയുടെ സീറ്റില്‍ തോമസ്. ഒരു യാത്രയുടെ പതിവ് ഇടവേളയില്‍ ഒരേ റൂട്ടില്‍ ഇരുപത്തഞ്ചു വര്‍ഷത്തോളം ബസ് ഓടിച്ചതിന്‍റെ അനുഭവങ്ങളിലേക്കു ഫസ്റ്റ് ഗിയറിട്ടു. ഇത്രയും നാള്‍ ഒരേ റൂട്ടില്‍...... ആദ്യചോദ്യം അഴിച്ചപ്പോള്‍ത്തന്നെ തോമസിന്‍റെ ഉത്തരം കേള്‍ക്കാന്‍ ചുറ്റും കൂടി, ബസിലെ മറ്റു പണിക്കാരായ റോബിനും ബാബുവും പോളിയും വര്‍ഗീസും. സ്ഥിരം റൂട്ടിലെ കുഴിയും വളവും കയറ്റിറക്കങ്ങളും മനഃപാഠമാക്കിയ ഡ്രൈവറിനു പക്ഷേ, പതിവില്ലാത്ത അനുഭവസഞ്ചാരങ്ങളുടെ റോഡില്‍ വാക്കുകളിലൂടെ എളുപ്പത്തില്‍ മുന്നോട്ടു പോകാനാകുന്നില്ല. ഇടയ്ക്കിടിച്ചു നിന്നും, ചിരിയില്‍ തടഞ്ഞും അതങ്ങനെ ഇഴഞ്ഞു മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.
ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തി മൂന്നിലാണ് ലൈസന്‍സ് എടുത്തത്. വലിയ വണ്ടിയുടെ വളയം പിടിക്കാന്‍ പിന്നെയും വൈകി. ആദ്യം എറണാകുളം - ഫോര്‍ട്ട് കൊച്ചി റൂട്ടിലായിരുന്നു. പിന്നീട് ആലുവ റൂട്ടിലെ മറ്റൊരു ബസില്‍. അതിനുശേഷമാണ് ആത്മബന്ധം പോലെ വേരുറച്ചു പോയ റൂട്ടിലെ ഡോര്‍ തുറന്നു ഡ്രൈവര്‍ സീറ്റിലേക്കു തോമസ് കയറുന്നത്. പിന്നീട് ഇതേവരെ സാരഥിയുടെ സീറ്റില്‍ നിന്നിറങ്ങേണ്ടി വന്നിട്ടില്ല. ഇതിനോടകം നാലോളം ഉടമകള്‍ മാറി. എങ്കിലും ദൂരെ നിന്നു ബ്രദേഴ്സ് കാണുമ്പോള്‍ മിക്കവര്‍ക്കുമറിയാം, അതിന്‍റെ മുമ്പില്‍ ചിരിച്ചു കൊണ്ട് തോമസേട്ടന്‍ ഉണ്ടാകുമെന്ന്. ഒന്നോ രണ്ടോ ദിവസത്തേക്കു ലീവിന് ഇറങ്ങുമ്പോള്‍ മാത്രമേ ആ കാഴ്ചയ്ക്കു മാറ്റം വന്നിട്ടുള്ളൂ ഇന്നേവരെ.
അറിയോ, ഞാന്‍ പഴയ അമാനുള്ളയാണ്. ഒന്നു നിര്‍ത്തിയിട്ട് അവന്‍ പതുക്കെ പറഞ്ഞു, പഴയ ആ അമ്മിപ്പിള്ള....
ഓര്‍മയിലൊരു അവധിക്കാലം. പ്രത്യേകിച്ചു പണിയൊന്നുമില്ല. വീടനടുത്ത് അനാഥമായിക്കിടക്കുന്ന ഒരു ഒഴിഞ്ഞ വീടിന്റെ തിണ്ണയില്‍ കിടക്കുന്നു, ഇന്ന് എന്തൊപ്പിക്കണം എന്നാലോചിച്ച് സമാനമനസ്‌ക്കരും, സമാനഅവസ്ഥയില്‍ കഴിയുന്നവരുമായ സുഹൃത്തുക്കളും. പെട്ടെന്നൊരു ശബ്ദം. ഉറപ്പിച്ചു ഇന്നും ആരോ വീണിരിക്കുന്നു. ആ വീടിനു മുന്നിലൊരു അപകടവളവാണ്, പ്രത്യേകിച്ചു സൈക്കിള്‍ യാത്രികര്‍ക്ക്. ചരലില്‍ തെന്നിയോ, ബാലന്‍സ് കിട്ടാതെയോ സൈക്കിളിന്റെ ബര്‍മുഡ ട്രയാംഗിളായി മാറി സ്ഥലം.
ഞങ്ങള്‍ ഓടിച്ചെന്നു. വീണിതല്ലോ കിടക്കുന്ന ധരണിയില്‍ സൈക്കിളും ഒരുത്തനും. പിടിച്ചെഴുന്നേല്‍പ്പിച്ചു. ബീറ്റ്‌റൂട്ട് ചെത്തിയ പോലെ കൈയിലും കാലിലുമൊക്കെ തൊലി പോയിട്ടുണ്ട്. ഷൂസും തൊപ്പിയും നല്ല അത്തറിന്റെ മണവുമൊക്കെയുള്ള ഒരുത്തന്‍.
എന്താ പേര്..
അബാസ് അമാനുള്ള ഹബീബുള്ള ടിപ്പു ഖാന്‍
ഞങ്ങള്‍ ഞെട്ടി
വീട്ടില് അമ്മിപ്പിള്ള എന്നാ വിളിക്കുന്നത്...
കഷ്ടം തോന്നി. നല്ല ഘടല്‍ക്കോചനായ പേരുണ്ടായിട്ടും വീട്ടില് അമ്മിപ്പിള്ള എന്നു വിളിക്കുന്നു...കഷ്ടം...
മുറിവില്‍ മരുന്നുവച്ചു കെട്ടാന്‍ കമ്യൂണിസ്റ്റ് പച്ച പറിക്കാന്‍ പോകുമ്പോഴായിരുന്നു ദിലീപ് ആ ഐഡിയ പറഞ്ഞത്.
നമുക്ക് ഇവനെ വീട്ടില്‍ കൊണ്ടുച്ചെന്നാക്കിയാലോ...
എന്തിന്, ഞാന്‍ ചോദിച്ചു. കുറച്ചു കഴിയുമ്പോ അവന്‍ തനിയെ സൈക്കിള്‍ ചവിട്ടി പോയിക്കോളും. വെറുതെ രണ്ടരക്കിലോമീറ്റര്‍ പൊരിവെയിലത്ത് സൈക്കിള്‍ ചവിട്ടുന്നത് എന്തിനാ....
ദിലീപ് അവന്റെ ആശയങ്ങളുടെ ഭൂപടം നിവര്‍ത്തി വച്ചു...
സൈക്കിളില്‍ നിന്നു വീണ അമ്മിപ്പിളളയെ വീട്ടിലേക്കു നമ്മള്‍ കൊണ്ടു പോകുന്നു. അവിടെ ചെല്ലുമ്പോള്‍ അപകടത്തില്‍പ്പെട്ട മകനെ രക്ഷിച്ചതിനുള്ള പ്രത്യുപകാരം അവന്റെ വീട്ടുകാര്‍ കാണിക്കാതിരിക്കുമോ...
മനസില്‍ ലഡ്ഡു പൊട്ടി
ദിലീപ് തുടര്‍ന്നു...മുസ്ലിംകളാണ്. അവരുടെ വീട്ടില്‍ എപ്പോഴും പത്തിരിയും കോഴിക്കറിയും കാണും. നമ്മള്‍ ചെല്ലുന്നു. കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. അമ്മിപ്പിള്ള ചത്തു പോകേണ്ടതായിരുന്നു. പക്ഷേ ഞങ്ങള്‍ പെട്ടെന്നു വന്നതു കൊണ്ട് ഒന്നും സംഭവിച്ചില്ല. ഒറ്റയ്ക്കു വിടാന്‍ മനസു വരാത്തതു കൊണ്ട് എല്ലാവരും കൂടി പോരുകയായിരുന്നു. ഇറങാന്‍ സമയത്ത് അവന്റെ ഉമ്മ പറയും. ഇത്രയും ദൂരം സൈക്കിള്‍ ചവിട്ടി വന്നതല്ലേ, എന്തെങ്കിലും കഴിച്ചിട്ടു പോകാം...
ആ ഒരു ഡയലോഗിനു വേണ്ടിയല്ലേ ഞങ്ങള്‍ കാത്തു നിന്നതെന്ന ഭാവം കാണിക്കാതെ അകത്തേക്ക്,....
പതുക്കെ ഞങ്ങള്‍ ഓരോരുത്തരായി ഈ ആശയം ഷെയര്‍ ചെയ്തു. അവന്റെ വീട്ടിലേക്കു പോകുമ്പോള്‍ അമ്മിപ്പിള്ളയെ സൈക്കിളിലിരുത്തി ലോഡ് ചവിട്ടുന്നതു ദിനുവായിരിക്കും. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മൂത്തവന്‍. ഞാനും ദിലീപും ഷൈജുവും എസ്‌കോരട്ട് പോലെ കൂടെ ഉണ്ടാവും.
വാ അമ്മിപ്പിള്ളേ കയറ്....ദിനു ക്ഷണിച്ചു
എന്തിന്...
വീട്ടില്‍ കൊണ്ടാക്കാം...
വേണ്ട, ഞാന്‍ ഒറ്റയ്ക്കു പൊക്കോളാം...
ഞങ്ങളു വിടുമോ. യാത്ര ആരംഭിച്ചു.
പോകുന്ന വഴിയില്‍ പരസ്പരം സഹായിക്കുന്നതിന്റെ അത്യാവശ്യത്തെക്കുറിച്ചും. കുറച്ചുനാള്‍ മുമ്പ് ഇത്തരത്തില്‍ സൈക്കിളില്‍ നിന്നു വീണവനെ അവന്റെ വീട്ടില്‍ എത്തിച്ചപ്പോള്‍ കാശു തന്നതും ഞങ്ങള്‍ മേടിച്ചില്ലെന്നുമൊക്കെ പറയണമെന്നു നേരത്തെ ദിനുവിനെ പറഞ്ഞു ചട്ടം കെട്ടിയിരുന്നു.
അന്നു വെയിലിനു ശക്തി കൂടുതലായിരുന്നു. എന്നാലുമെന്താ. കോഴിക്കറിക്കും പത്തിരിക്കും അതിലും കൂടുതല്‍ ചൂട് കാണില്ലേ. ഇടയ്ക്കു യാത്രയ്‌ക്കൊരു ബ്രേക്ക് എടുത്തപ്പോ ദിനു അടക്കം പറഞ്ഞു, മുടിഞ്ഞവന്‍ അമ്മിപ്പിള്ള തന്നെയാ, ഒടുക്കത്തെ വെയ്റ്റ്. ഇനിയിപ്പോ പൈസ തരുകയാണെങ്കില്‍, അയ്യോ അതൊന്നും വേണ്ട എന്ന് ഒറ്റപ്രാവശ്യം പറഞ്ഞാല്‍ മതിയെന്നു തീരുമാനിച്ചു.
ഒരു വലിയ വീടിന്റെ മുന്നില്‍ സൈക്കിള്‍ നിന്നു.
അമ്മിപ്പിള്ള ഇറങ്ങി. അവന്റെ സൈക്കിള്‍ വാങ്ങി ഗേറ്റ് തുറന്ന്, ഇല്ലിപ്പട്ടല്‍ അതിരിട്ട വഴിയിലൂടെ അകത്തേക്ക് പോകാന്‍ ഭാവിച്ചു. ഞങ്ങളും വരാം, നിന്നെ വീട്ടില്‍ എല്‍പ്പിച്ചിട്ടേ പോകുന്നുള്ളൂ. വേണ്ട, ഞാന്‍ പൊയ്‌ക്കോളാം എന്നൊക്കെ നൂറു പ്രാവശ്യം അമ്മിപ്പിള്ള ഞങ്ങളോടു പറഞ്ഞു...
ഇല്ല, സമ്മതിക്കില്ല.....
ഒടുവില്‍ സൈക്കിള്‍ വീടിന്റെ വരാന്തയില്‍ ചാരിവച്ച് അമ്മിപ്പിള്ള അകത്തേക്ക്. ഞങ്ങള്‍ അവന്റെ ഉമ്മ അകത്തേക്കു വിളിക്കുന്നതും കാത്ത് പുറത്തു നില്‍ക്കുകയാണ്. അകത്ത് എന്തൊക്കെയോ ചോദ്യവും പറച്ചിലും..
അവന്റെ ഉമ്മ പുറത്തേക്കു വന്നു. സത്യത്തില്‍ അവനെ വീട്ടില്‍ കൊണ്ടു ചെന്നാക്കണം എന്ന ആശയം ആദ്യം പറഞ്ഞതു ഞാനായിരുന്നു എന്ന മട്ടില്‍ ഓരോരുത്തരായി മുന്നോട്ട് നീങ്ങി നിന്നു. സൈക്കിളില്‍ നിന്നു വീണതിന്റെ കഥ പറയാനായി മുന്നോട്ടു വരുമ്പോള്‍..... ആ ക്ലൈമാക്‌സ് സംഭവിച്ചു.
അവന്റെ ഉമ്മ ഒരു ആട്ട്്.....
പ്ഫാ...പെഴച്ച കുറെ എണ്ണങ്ങള് ഇറങ്ങിയിട്ടുണ്ട്. ന്റെ മോനെ ചീത്തയാക്കാന്‍. ഇറങ്ങിപ്പോടാ ഹറാം പെറന്നോന്മാരേ...
ഇല്ലിപ്പട്ടലിന്റെ ഇടയില്‍ക്കൂടി ഓടി സൈക്കിളിന്റെ അരികിലെത്തുമ്പോള്‍ വയറു നിറഞ്ഞിരുന്നു. പത്തിരിയും കോഴിക്കറിയുമില്ലാതെ. തിരികെ മടങ്ങുമ്പോള്‍ ആരും മിണ്ടിയില്ല. വീണ്ടും അനാഥമായ വീടിന്റെ തിണ്ണയില്‍ ആരോടും ഒന്നും പറയാതെ ഞങ്ങളിരുന്നു. പെ്‌ട്ടെന്നു വീണ്ടുമൊരു അപകടശബ്ദം. ആരും അനങ്ങിയില്ല...
ആരായാലും അവിടെക്കിടന്നു മരിക്കട്ടേ..... അങ്ങനെ പറഞ്ഞതു ആരായിരുന്നുവെന്ന് ഓര്‍മയില്ല.

മധ്യകേരളത്തില്‍ നിന്നു മലബാര്‍ എക്സ്പ്രസില്‍ ആരംഭിച്ച യാത്രയുടെ രാവുണര്‍ന്നതു മലബാറിന്‍റെ മണ്ണില്‍. യാത്ര കാഞ്ഞങ്ങാട്ടേക്കാണ്. കോലത്തിരിയുടെ പ്രതിനിധി കാഞ്ഞന്‍റ നാട്, വടക്കന്‍ പാട്ടിലെ കാഞ്ഞിരം കാട്ടപ്പന്‍റെ ഭൂമി. ഐതിഹ്യത്തിന്‍റെ പേരറിവുകളിലേക്കു ആഴ്ന്നിറങ്ങിയാല്‍ നാടിന്‍റെ നാമത്തോടു സാദൃശ്യം നല്‍കാവുന്ന എത്രയോ വിശദീകരണങ്ങള്‍.. ഇക്കുറി നാടിന്‍റെ ചരിത്രം തേടിയല്ല. ആ നാടിന്‍റെ ചരിത്രത്തെ തിരുത്തിയെഴുതിയ ഒരാളെ കാണാന്‍. കാലങ്ങള്‍ക്കു മുമ്പു കാഞ്ഞങ്ങാടു നിന്നു കര്‍ഷക സമരങ്ങളിലേക്കും ദേശീയ പ്രസ്ഥാനത്തിലേക്കും സാമൂഹ്യപ്രവര്‍ത്തനങ്ങളിലേക്കും നടന്നയാള്‍. ഒരു ജന്മി ത്തറവാടിന്‍റെ പൂമുഖത്തിരുന്നു ആജ്ഞാപിക്കാനുള്ള പാരമ്പര്യപ്പെരുമ ഉണ്ടായിരുന്നിട്ടും സാധാരണക്കാരന്‍റെ സമരമുഖങ്ങളില്‍ സജീവമായിരുന്നയാള്‍, കെ. മാധവന്‍. സ്വാതന്ത്ര്യസമരം, കര്‍ഷകസമരം, ഗുരുവായൂര്‍ സത്യഗ്രഹം, ഉപ്പുസത്യഗ്രഹം... ചരിത്രത്തിന്‍റെ ഗതി മാറ്റിയ, കാലഘട്ടങ്ങളെ സമരവീര്യത്തില്‍ രേഖപ്പെടുത്തിയ പ്രക്ഷോഭങ്ങളിലെ സജീവസാന്നിധ്യം.
സമരത്തിന്‍റേയും വിജയത്തിന്‍റേയും പിളര്‍പ്പിന്‍റേയും ആശയസംഘര്‍ഷങ്ങളുടേയും കാലഘട്ടത്തിന്‍റെ സാക്ഷിയെ ത്തേടിയുള്ള യാത്ര കാഞ്ഞങ്ങാട്ടെ നെല്ലിക്കാടുള്ള വീടിനു മുന്നില്‍ അവസാനിക്കുന്നു. ചെറിയ കാത്തിരിപ്പിനൊടുവില്‍ തൊണ്ണൂറ്റേഴു വയസിന്‍റെ അവശതയില്ലാതെ അദ്ദേഹം മുന്നില്‍. ഒന്നു കാതോര്‍ത്തു, കര്‍ഷകസംഘത്തിന്‍റെ തേക്കുപാട്ടിന്‍റെ ഈരടികള്‍, ജാഥയില്‍ മുദ്രാവാക്യങ്ങള്‍ ഇരമ്പിയാര്‍ക്കുന്നു, ലാത്തിയുടേയും ബൂട്ട്സിന്‍റേയും മുന്നില്‍ തളരാത്ത സമരവീര്യശബ്ദങ്ങള്‍, ഇരുട്ടില്‍ ഒളിസങ്കേതങ്ങളുടെ മറവു തേടിയുളള നിശബ്ദയാത്രകള്‍.. ഇവിടെ ഒരു തൊണ്ണൂറ്റേഴുകാരന്‍റെ അനുഭവങ്ങള്‍ക്കൊപ്പം നടക്കുകയല്ല, കാലത്തെ തിരിച്ചറിയുകയാണ്. വാക്കുകളില്‍ വിവരിക്കാനാവില്ല സമരവീര്യങ്ങളുടെ അനുഭവങ്ങളെ...എങ്കിലും ആ വഴിയിലൂടെ ഈ കൈപിടിച്ച് അല്‍പ്പം നടക്കാം...
ഏച്ചിക്കാനത്തെ കുട്ടി ആനപ്പുറത്ത്
നന്നേ ചെറുപ്പത്തില്‍ത്തന്നെ ഖദര്‍ ധരിക്കണമെന്നു മോഹമുണ്ടായിരുന്നു എച്ചിക്കാനത്തു തറവാട്ടിലെ എ.സി. രാമന്‍ നായരുടേയും കൊഴുമ്മല്‍ ഉണ്ണാങ്ങാമയുടേയും മകന്. പക്ഷേ അച്ഛന്‍ സമ്മതിക്കുന്നില്ല. അച്ഛന്‍റെ ബന്ധുഎ. സി. കണ്ണന്‍നായര്‍ എന്ന കണ്ണേട്ടന്‍റെ വീട്ടില്‍ വന്നു പോകുന്ന നേതാക്കളായിരുന്നു ഖദര്‍ ധരിക്കാനുള്ള പ്രചോദനം. ഒടുവില്‍ കണ്ണേട്ടന്‍ വാങ്ങിക്കൊടുത്ത ഖദര്‍ വസ്ത്രത്തില്‍ നിന്നു രാഷ്ട്രീയത്തിലേക്കുള്ള ദൂരം വളരെ കുറവായിരുന്നു. ഗാന്ധിജിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷം. മാധവനന്നു പതിനാലു വയസ്. ഗാന്ധിജിയുടെ ഫോട്ടൊ ആനപ്പുറത്തേറ്റിയൊരു ഘോഷയാത്രയായിരുന്നു സംഘടിപ്പിച്ചിരുന്നത്. പക്ഷേ സമയമായപ്പോള്‍ ചിത്രം പിടിച്ച് ആനപ്പുറത്തേറാന്‍ ആളില്ല. കണ്ണേട്ടനൊപ്പം ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ പോയ മാധവനാണു നറുക്ക് വീണത്, അന്നു ഖദര്‍ ധരിച്ചിട്ടുമുണ്ടായിരുന്നു. ഏച്ചിക്കാനം തറവാട്ടിലെ കുട്ടി ആനപ്പുറത്തു കയറുകയോ എന്ന ആശങ്ക പലര്‍ക്കുമുണ്ടായി. പക്ഷേ ഏഴാനകളുള്ള തറവാട്ടിലെ കുട്ടി ആശങ്കപ്പെട്ടില്ല. മഹാത്മാഗാന്ധിയുടെ ചിത്രവുമേന്തി ആനപ്പുറത്തേറി, ആ മനസില്‍ ആവേശവുമേറി. നെഞ്ചോടു ചേര്‍ത്ത് അടുക്കിപ്പിടിച്ച ഒരു ചിത്രത്തിന്‍റെ ആവേശത്തില്‍ ഒരു രാഷ്ട്രീയജീവിതം ആലവട്ടവും വെഞ്ചാമരവും വീശി ഉണരുകയായിരുന്നു.

പതിനഞ്ചുകാരന്‍ ഉപ്പു സത്യാഗ്രഹത്തിന്
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ ഉപ്പു കൊണ്ടു തോല്‍പ്പിക്കാമെന്നു പഠിപ്പിച്ച ഗാന്ധിജിക്കൊപ്പം മാധവനുമുണ്ടായിരുന്നു. പയ്യന്നൂരിലെ ഉപ്പു സത്യഗ്രഹത്തില്‍. കോഴിക്കോട്ട് നിന്ന് പയ്യന്നൂരിലേക്ക് പോയത്, കെ. കേളപ്പന്‍റെ നേതൃത്വത്തില്‍. സത്യഗ്രഹികള്‍ ക്യാമ്പ് ചെയ്തിരുന്നയിടത്തു വച്ചാണ് ആദ്യമായി പി. കൃഷ്ണപ്പിള്ളയെ കാണുന്നതെന്നു മാധവന്‍ ഓര്‍ക്കുന്നു. പതിനഞ്ചു വയസുകാരനെ പിന്തിരിപ്പിക്കാന്‍ നോക്കി കേളപ്പന്‍. എന്നാല്‍ ആ മനസുറച്ചു തന്നെയായിരുന്നു. ഒരു പവന്‍ സ്വര്‍ണമോതിരം ഊരി സമരഫണ്ടിലേക്കു നല്‍കുകയും ചെയ്തു.
1930 ഏപ്രില്‍ ഇരുപത്തൊന്നിന് പയ്യന്നൂരിലെ ഒളവറ പുഴയിലെ ഉളിയത്ത് കടവിലെത്തി. കന്നത്ത പൊലീസ് സന്നാഹം. വെള്ളം കുറുക്കി ഉപ്പെടുത്തു. ആ ജനസമൂഹത്തില്‍ ഞാനുമുണ്ടായിരുന്നു, അഭിമാനത്തോടെ. എന്നാല്‍ പയ്യന്നൂരെ അവസ്ഥയായിരുന്നില്ല കോഴിക്കോട്ട്. കേളപ്പന്‍റെ നേതൃത്വം, അച്ചുതക്കുറുപ്പും കേരളീയനുമൊക്കെയുണ്ട്. പൊലീസ് പിരിഞ്ഞുപോകാന്‍ ആജ്ഞാപിച്ചു, ആരും ചെവിക്കൊണ്ടില്ല. അതിഭീകരമായ ലാത്തിച്ചാര്‍ജ് തുടങ്ങി. ആരുടേയും സമരവീര്യം ചോര്‍ന്നില്ല, ലാത്തിക്കു മുന്നില്‍ തളര്‍ന്നില്ല. ഭാരത് മാതാ കീ ജയ്, ഗാന്ധിജി കീ ജയ്....വേദനയില്‍ കുതിര്‍ന്ന, ചോരപുരണ്ട ഉപ്പില്‍ നിന്ന് പുതിയൊരു പോരാട്ട വീര്യം നെഞ്ചിലേറ്റുകയായിരുന്നു ഒരു പതിനഞ്ചു വയസുകാരന്‍.
1930ല്‍ കല്ലായി മദ്യഷാപ്പ് പിക്കറ്റ് ചെയ്യുമ്പോള്‍ ആദ്യമായി അറസ്റ്റിലായി. ജയില്‍ജീവിതം തുടങ്ങുകയായി പതിനഞ്ചാം വയസില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍. അതൊരു അനുഭവം തന്നെയായിരുന്നു. കേരളീയന്‍, വി.പി കൃഷ്ണന്‍ നായര്‍, കോണ്‍ഗ്രസ് നേതാവ് ടി. പ്രകാശം, എകെജി.....സഹതടവുകാരായി അവരൊക്കെ ഉണ്ടായിരുന്നു. 1931 ജനുവരിയില്‍ ജയില്‍മോചിതനായി.
ഇടയ്ക്കൊക്കെ ഓര്‍മകള്‍ ഇടറുന്നു. വാക്കുകള്‍ മുറിയുന്നു. അനുഭവങ്ങള്‍ പറഞ്ഞു വരുമ്പോള്‍ മനസില്‍ ഓടിയെത്തുന്നുണ്ടാവാം പഴയ സഖാക്കള്‍...സൗഹൃദങ്ങളുടെ നിമിഷങ്ങള്‍...പക്ഷേ, ചരിത്രത്തിന് ഇടവേളകള്‍ ഇല്ല എന്നു നന്നായി അറിയാവുന്ന മാധവന്‍ വീണ്ടും പറഞ്ഞു തുടങ്ങി. മുപ്പത്തൊന്നു ജനുവരിയില്‍ ഞാന്‍ ജയിലില്‍ നിന്നു വന്നു എന്നു പറഞ്ഞല്ലോ. അധികം വൈകാതെ മറ്റൊരു സമരത്തിനു കേളികൊട്ടുയര്‍ന്നു. കേരളത്തിന്‍റെ സാമൂഹ്യാന്തരീക്ഷത്തെ മാറ്റി മറിച്ച സമരം, ഗുരുവായൂരില്‍...
ഗുരുവായൂരമ്പല നടയില്‍
1931 നവംബര്‍ 1. അന്നായിരുന്നു ഗുരുവായൂര്‍ സത്യഗ്രഹത്തിന്‍റെ ആരംഭം. അവര്‍ണരുടെ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിനു തുടക്കം. പണ്ഡിതകവിയും സ്വാതന്ത്ര്യസമരനേതാവുമായിരുന്ന ടി. സുബ്രഹ്മണ്യതിരുമുമ്പിന്‍റെ നേതൃത്വത്തില്‍ ഞാനും ഗുരുവായൂരിലെത്തി. ദിവസവും രണ്ടു നേരം സമരത്തില്‍ പങ്കാളിയായി. വാകച്ചാര്‍ത്തു മുതല്‍ രാത്രി ഏറെ വൈകും വരെ സമരം. പിന്നീട് ആല്‍ത്തറയ്ക്കല്‍ പൊതുയോഗം. പക്ഷേ സമരം തീരുമാനമില്ലാതെ നീണ്ടു പോയിക്കൊണ്ടിരുന്നു. എകെജിയേയും പി. കൃഷ്ണപ്പിള്ളയേയും ക്ഷേത്ര കാവല്‍ക്കാര്‍ മര്‍ദിക്കുന്നതടക്കമുള്ള സംഭവങ്ങളുണ്ടായി.
ഗാന്ധി - ഇര്‍വിന്‍ സന്ധി സംഭാഷണം പരാജയപ്പെട്ട കാലമായിരുന്നു അത്. നാട്ടില്‍ സമരം രൂക്ഷമാവുന്നു. തിരികെപ്പോയി നാട്ടിലെ സമരത്തില്‍ സജീവമാകണമെന്നായി ആഗ്രഹം. കേളപ്പന്‍റെ സമ്മതത്തോടെ നാട്ടിലേക്ക്. പിന്നീടുണ്ടായ ചില സംഭവവികാസങ്ങളോടെ നിയമലംഘന പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു. അക്കാലത്തു ഹിന്ദിയില്‍ ബിരുദം നേടണമെന്ന മോഹം കലശലായി. ഹോസ്ദുര്‍ഗില്‍ ഹിന്ദി പഠിച്ച്, രാഷ്ട്രഭാഷ പാസായി. അതിനുശേഷം എറണാകുളം ഹിന്ദി കോളെജില്‍ എത്തി വിശാരദ് കോഴ്സ് ചെയ്തിരുന്നു.
മാറ്റത്തിന്‍റെ ചെങ്കടല്‍
അധിനിവേശ ശക്തിക്കെതിരെയുള്ള പോരാട്ടം തണുത്ത കാലമായിരുന്നു അത്. 1934 കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടു. ഉപ്പു സത്യഗ്രഹം കാര്യമായി വിജയിക്കാതിരുന്നതിന്‍റെ കാരണം വിലയിരുത്തപ്പെട്ടു. കൃഷിക്കാരേയും തൊഴിലാളികളേയും സംഘടിപ്പിക്കാനും തീരുമാനമായി. 1935ല്‍ കേരള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം സമ്മേളനം കണ്ണൂരില്‍ നടക്കുമ്പോഴാണ് ആദ്യമായി ഇഎംഎസിനെ കണ്ടത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കര്‍ഷകസംഘം സജീവമാകുകയായിരുന്നു. കോണ്‍ഗ്രസില്‍ രണ്ട് ആശയക്കാര്‍ വളര്‍ന്നു വരികയായിരുന്നു അക്കാലത്ത്, ഇടതു പക്ഷവും വലതുപക്ഷവും. ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ ഇന്ത്യ ബ്രിട്ടനൊപ്പമായിരുന്നു. അതില്‍ പ്രതിഷേധിച്ചു ഗാന്ധിജി സത്യഗ്രഹം ആരംഭിച്ചു. പക്ഷെ ബഹുജനപ്രക്ഷോഭം വേണമെന്നായിരുന്നു പലരുടേയും ആവശ്യം. അക്രമസമരത്തിലേക്കു മാറുമെന്നു കരുതി ഗാന്ധിജി സമ്മതിച്ചതുമില്ല. അതോടെ കേരളത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പുതിയ രൂപം കൈക്കൊള്ളുകയായിരുന്നു, കമ്യൂണിസ്റ്റ് പാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ചു. 1939ല്‍ ഡിസംബറില്‍ രഹസ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യയോഗം ചേര്‍ന്നു. കമ്യൂണിസ്റ്റായിരിക്കുമ്പോള്‍ത്തന്നെ കോണ്‍ഗ്രസിന്‍റെ ഭാരവാഹികളുമായിരുന്നു അക്കാലത്ത് മാധവനടക്കമുള്ള പലരും. പാര്‍ട്ടിയുടെ രഹസ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയായി.
കുളകുന്ത ശിവറാവു എന്ന ശിഷ്യന്‍
നീലേശ്വരത്ത് ഒരു ഹിന്ദി ക്ലാസ് തുടങ്ങാന്‍ നിര്‍ദ്ദേശം വന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യസംഘടന ആ ഭാഗത്ത് ആരംഭിക്കുകയായിരുന്നു ലക്ഷ്യം. രാജാസ് ഹൈസ്കൂളിലും വായനശാലയിലുമായി ക്ലാസുകള്‍ തുടങ്ങി. പാര്‍ട്ടിസെല്ലും സമാന്തരമായി തുടങ്ങാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. അക്കാലത്തു മാധവനൊരു ശിഷ്യനുണ്ടായിരുന്നു, കുളകുന്ത ശിവറാവു. തികഞ്ഞ ഗാന്ധിയന്‍. സാമ്പത്തികമായി പിന്നാക്കമായിരുന്നതിനാല്‍ ഒരു മാസത്തെ ഫീസ് ശിവറാവുവിന്‍റെ കൈയില്‍ നിന്നു വാങ്ങിയില്ല. ഫീസ് വാങ്ങാത്തതിനാല്‍ ക്ലാസില്‍ വരാന്‍ ശിവറാവുവും കൂട്ടാക്കിയില്ല. ഒടുവില്‍ താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണെന്നു ശിവറാവുവിനോടു വെളിപ്പെടുത്തേണ്ടി വന്നു. ഗാന്ധിയനായ ശിവറാവുവിന് അതംഗീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, പിന്നീടു കയ്യൂരിലുണ്ടായ സംഭവത്തില്‍ ശിവറാവുവിന്‍റെ ആശയവഴി തിരിഞ്ഞു, കമ്യൂണിസത്തോടൊപ്പമായി. ഒരു നിയോഗം കൂടി ശിവറാവുവിനുണ്ടായിരുന്നു. കയ്യൂര്‍ സംഭവത്തെ അദ്ദേഹം ഒരു നോവലിലൂടെ രേഖപ്പെടുത്തി. ചിരസ്മരണ. അതെ, ചിരസ്മരണ എഴുതിയ നിരഞ്ജനയുടെ യഥാര്‍ഥ പേരാണു കുളകുന്ത ശിവറാവു !!കയ്യൂര്‍ സംഭവത്തിനു ശേഷം മാധവനും ദീര്‍ഘനാള്‍ ഒളിവിലായിരുന്നു. അപ്പോഴും അതിനുശേഷവും പ്രവര്‍ത്തനങ്ങളും സാധാരണക്കാര്‍ക്കു വേണ്ടിയുള്ള സമരങ്ങളും തുടര്‍ന്നു കൊണ്ടേയിരുന്നു. പിന്നെയും ആ രാഷ്ട്രീയ ജീവിതത്തില്‍ കൊടുങ്കാറ്റുകളും പെയ്തൊഴിയലുകളും ഉണ്ടായി. എങ്കിലും സമരഭൂവില്‍ അടിയുറച്ചു നിന്ന, പതറാതെ മുന്നേറിയ ആ പോരാളി ഒരിക്കലും തളര്‍ന്നില്ല. പോരാട്ടം തുടരുക തന്നെ ചെയ്തു.
അനുഭവങ്ങള്‍ ഇരമ്പുന്നു ഇപ്പോഴും
1953 മാര്‍ച്ച് നാലിന് കോടോം കുടുംബാംഗമായ മീനാക്ഷിയെ വിവാഹം ചെയ്തു. നാലുമക്കള്‍- ഇന്ദിര, സേതുമാധവന്‍, ആശാലത, അജയകു മാര്‍. കുടുംബ ജീവിതം പൊതുപ്രവര്‍ത്തനത്തിനു വിരാമമിട്ടില്ല, അതു ജീവിതത്തിന്‍റെഭാഗമായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്‍റെ എല്ലാ വിശദാംശങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ട്, കെ. മാധവന്‍ ഒരു ആത്മകഥയുമെഴുതി, ഒരു ഗാന്ധിയന്‍ കമ്യൂണിസ്റ്റിന്‍റെ ഓര്‍മകള്‍. ഈ ഗാന്ധിയന്‍ കമ്യൂണിസ്റ്റിന്‍റെ ജീവിതം രേഖപ്പെടുത്തുമ്പോള്‍ പൂര്‍ണമാക്കുക എന്ന വ്യാമോഹം ഒരിക്കലും സാധ്യമല്ലെന്നു തിരിച്ചറിഞ്ഞു തന്നെ ഈ അഭിമുഖക്കുറിപ്പ് അവസാനിപ്പിക്കാം. അത്രയേറെ അനുഭവങ്ങളുണ്ട്, ഇദ്ദേഹം കടന്നു വന്ന പോരാട്ടവീഥികളില്‍.
ഇപ്പോള്‍ കാഞ്ഞങ്ങാട്ടെ വീട്ടില്‍ സ്വസ്ഥജീവിതം. വാര്‍ധക്യത്തിന്‍റെ പറയത്തക്ക അവശതകളില്ല. സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാനുള്ള ആര്‍ജവം ഇപ്പോഴുമുണ്ട്.
ഒരു കാലത്തെ തിരിച്ചറിഞ്ഞ സംതൃപ്തിയോടെ തിരിച്ചിറങ്ങുന്നു. ഇത്രനേരം സംവദിച്ചതു ചരിത്രത്തോട്. പിന്നീടൊരിക്കല്‍ രേഖപ്പെടുത്താമെന്ന മോഹത്തോടെ സംഭവബഹുലമാക്കിയ ജീവിതമല്ല, അനിവാര്യമായ മാറ്റത്തെ സ്വപ്നം കണ്ട്, പ്രക്ഷുബ്ധമായ കാലത്തിന്‍റെ മുനമ്പിലായിരുന്നു കെ. മാധവന്‍ എന്ന മഹാരഥന്‍റെ രണാങ്കണം. വ്യക്തിപരമായ നഷ്ടങ്ങള്‍ തോല്‍വിയല്ലെന്നു തിരിച്ചറിഞ്ഞുള്ള പോരാട്ടങ്ങള്‍. തിരികെ നടക്കുമ്പോള്‍ മനസിലൊരു കര്‍ഷകജാഥ ഇരമ്പിയാര്‍ക്കുന്നുണ്ടോ, അതോ ഉപ്പ് സത്യഗ്രഹസേനാനികളുടെ ജാഥയോ...കയ്യൂരിന്‍റേയും മൊറാഴയുടേയും പയ്യന്നൂരിന്‍റേയും കാഞ്ഞങ്ങാടിന്‍റേയും സമരഭൂമികള്‍ കടന്ന്....അനുഭവങ്ങളുടെ ചെങ്കടല്‍ തിരയടിച്ചുകൊണ്ടേയിരുന്നു.
സിഗരറ്റു കൂടിന്‍റെ പിന്നിലെ വെളുപ്പില്‍
കണക്കുകൂട്ടല്‍.
നൂറു വെളിച്ചെണ്ണ
അമ്പതു കടുക്
നൂറ്റമ്പതു മുളക്
ബാക്കിക്ക് കല്ലു പെന്‍സിലും നാരങ്ങാമൊട്ടായിം, അതായിരുന്നു അമ്മയുടെ ഓഫര്‍.
മൊട്ടായി കിട്ടി...
കല്ലു പെന്‍സിലു താ...
താഴേന്നൊരു കല്ലെടുത്തോ...
പെന്‍സിലു നാളെത്തരാം...
അത്ര സുഖിച്ചില്ല ആ തമാശ...എല്ലാം വാരിപ്പിടിച്ച്, നാരങ്ങാ മൊട്ടായി നുണഞ്ഞ്...ആനവണ്ടിയുടെ ശബ്ദത്തില്‍ വണ്ടി കളിച്ച് വീട്ടിലേക്കോടുമ്പോള്‍ അമ്മയുടെ മുന്നറിയിപ്പ് ഓര്‍ത്തു, അന്നത്തെപ്പോലെ കുപ്പി പൊട്ടിയാല്‍...വണ്ടിയുടെ സ്പീഡ് കുറച്ചു...പതിവു ഗിയറുമാറ്റം ഇല്ല...കയ്യില്‍ വെളിച്ചെണ്ണക്കുപ്പിയുണ്ടല്ലോ...വീട്ടില്‍ ചെന്ന് സ്ലേറ്റില്‍ തറാ പറാന്ന് എഴുതിത്തുടങ്ങുമ്പോള്‍ അടുക്കളയില്‍ നിന്ന് ഉള്ളി മൂപ്പിച്ച ചോറിന്‍റെ മണം...ആകാശവാണി ശബ്ദിക്കുന്നു... ഇന്നത്തെ യുവവാണിയില്‍...

കോക്കനട്ട് ഓയിലേ... രണ്ടു കിലോ അങ്ങെടുത്താലോ? ഒരു ഗ്ലാസ് ബൗള്‍ ഫ്രീയുണ്ട്...ഭാര്യയുടെ ചോദ്യമാണ് ഓര്‍മയില്‍ നിന്നുണര്‍ത്തിയത്. മനസില്‍ ആരോ ചിരിക്കുന്നു, എന്നിട്ട് വീണ്ടും ഓര്‍മിപ്പിക്കുന്നു...
നൂറു വെളിച്ചെണ്ണ
അമ്പതു കടുക്
നൂറ്റമ്പതു മുളക്
ചെറിയ അളവുകളില്‍ സമൃദ്ധമായൊരു അത്താഴം കഴിഞ്ഞിരുന്ന കാലത്തെക്കുറിച്ചോര്‍ത്തു. ആട്ടിയ കൊപ്രയുടെ മണമുള്ള പലചരക്കുകടയുടെ തണലില്‍ നില്‍ക്കുമ്പോള്‍ കേട്ട ശബ്ദങ്ങള്‍ ഓര്‍ത്തു. കടയിലേക്ക് സാധനം വാങ്ങാന്‍ അയയ്ക്കുമ്പോള്‍ അമ്മയുടെ അല്ലെങ്കില്‍ അമ്മൂമ്മയുടെ മനസില്‍ കണക്കുണ്ടാവും. ഇതൊരു ഇമേജാണ്. സൂപ്പര്‍മാര്‍ക്കറ്റുകളും ആധുനിക വ്യാപാര സങ്കേതങ്ങളും മലയാളിയുടെ നിത്യജീവിതത്തില്‍ എത്തും മുമ്പേ, ഒരു പക്ഷേ എത്തിയിട്ടും ഈ വ്യാപാരരീതിയുണ്ടായിരുന്നു എല്ലായിടത്തും. ഇപ്പോള്‍ റീടെയ്ല്‍ വില്‍പ്പന ശൃംഖലയില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ വെറുതേ തോന്നുന്നു ഇതൊക്കെ അവസാനിക്കുന്നുവോ? അതെന്തുമാകട്ടെ, മനസിലേക്ക് വന്നു വീഴുന്നു നാട്ടിന്‍പുറത്തെ ആ ദൃശ്യം. വെളിച്ചെണ്ണയുടെ മണമുള്ള, ഭിത്തിയില്‍ പറ്റുപടിക്കണക്കിന്‍റെ രേഖപ്പെടുത്തലുകളുള്ള, ഒരു കൊളുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ചാക്കുനൂലിന്‍റെ വലിയ കട്ടയുള്ള, ലൈഫ്ബോയ്യുടെ ഗന്ധമുള്ള... മരപ്പലകകള്‍ ഒന്നിനു പിന്നാലെ ഒന്നായി ചേര്‍ത്തു വച്ച് അടയ്ക്കുകയും തുറക്കുകയും ചെയ്തിരുന്ന ഒരു കട...
കടന്നു പോകുന്ന കച്ചവടക്കാഴ്ച
അന്നത്തെ ആഹാരത്തിനായി ദിവസക്കൂലിയുടെ അളവുകളില്‍ ഒതുങ്ങുന്ന വാങ്ങലുകള്‍, കൃത്യമായ മനക്കണക്കു തെറ്റാതെ. ചില്ലറവ്യാപാരത്തിന്‍റെ അപാരസാധ്യതകള്‍ പ്രയോജനപ്പെടുത്തിയ ലാഭം നേടുമ്പോള്‍, വാങ്ങുന്നവനും സംതൃപ്തി. ചെറിയ ദൂരത്തില്‍ ആഗ്രഹിക്കുന്ന അളവില്‍ എന്തും വാങ്ങാനുള്ള സാധ്യത. ചില്ലറവ്യാപാര മേഖല ബഹുരാഷ്ട്ര കമ്പനികള്‍ക്കു വിട്ടു കൊടുക്കുമ്പോള്‍ മലയാളിയുടെ മനസില്‍ നിന്ന് ഈ ഇമേജ് അന്യം നിന്നു പോകാന്‍ തുടങ്ങുന്നു. ഒരു പക്ഷേ ഇത്തരമൊരു നീക്കത്തിന്‍റെ അതിഭാവുകത്വം കലര്‍ന്ന സാധ്യതയെന്നു തോന്നാമെങ്കിലും അതിവിദൂരമല്ല ആ കാലം. ഇതെല്ലാം കാലത്തിന്‍റെ വളര്‍ച്ചയിലെ അനിവാര്യമായ മാറ്റം തന്നെ. എങ്കിലും ഒരുപാടു തലമുറകളുടെ മനസില്‍ സജീവമായൊരു കച്ചവടക്കാഴ്ച പതുക്കെ മറയുന്നു, ആരേയും വേദനിപ്പിക്കാതെ, അധികമാര്‍ക്കും ഗൃഹാതുരത ഉണര്‍ത്താ തെ. അങ്ങനെയൊരു സംഭവം മറയുന്നുണ്ടെന്നു തോന്നിപ്പിക്കുക പോലെ ചെയ്യാതെ.

ആവശ്യക്കാരന്‍ പറയുന്ന പലചരക്കുകളുടെ കണക്കുകൂട്ടാന്‍ വിളിച്ചു പറയുന്നതിനൊരു താളം കൂടിയുണ്ട്. സിഗരറ്റു കൂടിന്‍റെ മറുപ്രതലത്തില്‍ എഴുതി, നിമിഷനേരം കൊണ്ടു കണക്കുകൂട്ടുന്ന പലരും പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ഭാഗ്യം കിട്ടാത്തവരായിരിക്കും. അനുഭവപരിചയത്തിന്‍റെ ഗണിതം ഒരിക്കലും പിഴയ്ക്കുകയുമില്ല. അരിയിലേയും പയറിലേയും കല്ലുകളോടു ക്ഷമിക്കാനും, മുളകുപൊടിയുടേയും മഞ്ഞള്‍ പ്പൊടിയുടേയും നിറക്കൂടുതലിനോടു കലഹിക്കാതിരിക്കാനും പഠിച്ചുതുടങ്ങിയത് ഒരുനാള്‍ കടം പറഞ്ഞാലും കുഴപ്പമില്ലെന്നതു കൊണ്ടാണ്, കാശില്ലാത്ത കാരണത്താല്‍ അന്നത്തെ ആഹാരം മുടക്കില്ലെന്നതു കൊണ്ടാണ്. എല്ലാം വാങ്ങിക്കഴിഞ്ഞിട്ട്, എഴുതിക്കോ എന്ന ഒറ്റവാക്കില്‍ അഭേദ്യമായൊരു വിശ്വാസം. പറ്റുപടിയെന്ന കടം പറയ ലിന്‍റെ പരിഷ്കൃതനാമത്തെ പ്രയോജനപ്പെടുത്താന്‍ മറ്റെവിടെക്കഴിയും.കടം പറഞ്ഞവരുടെ പേരെഴുതിയ ചുമരുകള്‍ കാലം മായ്ക്കുന്നു. അവിടെ വില കൂടിയാല്‍ പരിഭവിക്കാനും, വിലയില്‍ ഇളവു വാങ്ങാനുമുള്ള സ്വാതന്ത്ര്യമുണ്ട്. നാലു ചക്രമുള്ള ട്രോളിയുമുന്തി ആവശ്യമുള്ള സാധനങ്ങള്‍ തെരഞ്ഞെടുത്തു മടങ്ങുമ്പോള്‍ ഒരിക്കല്‍പ്പോലും സൃഷ്ടിക്കപ്പെടാത്ത വിശ്വാസം.
പറ്റുപടിയുടെ വിശ്വാസങ്ങള്‍
അളവില്‍ നൂറിന്‍റേയും അമ്പതിന്‍റേയും സൗകര്യങ്ങളില്ലാതെ വരുമ്പോള്‍ അതിനോടു പൊരുത്തപ്പെടാന്‍ കഴിയാത്ത ചെറിയൊരു വിഭാഗം ഇപ്പോഴും ശേഷിക്കുന്നുണ്ടാകുമെന്നു തീര്‍ച്ച. അപ്രതീക്ഷിതമായി വിരുന്നു വന്ന അതിഥിക്കുള്ള ഭക്ഷണമൊരുക്കാന്‍ ആരും കാണാതെ പിന്നാമ്പുറത്തൂടെ ഓടി ആശ്രയിക്കാന്‍ ഇത്തരം കടകളല്ലാതെ മറ്റെന്തുണ്ടായിരുന്നു ഒരു കാലത്ത്. കൈയിലൊരു ചെറിയ കുപ്പിയും മടക്കിപ്പിടിച്ച സഞ്ചിയുമായി കടകളിലേക്കു നടന്നടുക്കുന്നവര്‍... ആ കാഴ്ച മറക്കാനാവില്ല.

ഊഴം കാത്തു നില്‍ക്കുമ്പോള്‍ നാട്ടുവര്‍ത്തമാനങ്ങളുടെ ചൂടുള്ള ചര്‍ച്ച. ഒളിച്ചോട്ടവും വേലിചാട്ടവും അവിഹിതവും തുടങ്ങി അവിശ്വാസ പ്രമേയം വരെ വിഷയമാകാവുന്ന ചര്‍ച്ചകള്‍. പലചരക്കു കടയിലെ പലവിധ വിശേഷങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. എല്ലാം കേട്ട് ചുമരിലെ കലണ്ടറില്‍ തെങ്കാശി കായത്തിന്‍റെ വലിയ എഴുത്തിനു മുകളില്‍ ശ്രീദേവിയോ പദ്മിനി കൊലാപ്പുരിയോ ചിരിക്കും...
ഇത്തരം കടകള്‍ക്കു പലപ്പോഴുമൊരു പേരിന്‍റെ വിശേഷണം ഉണ്ടാകാറില്ല. മിക്കവാറും കടക്കാരന്‍റെ പേരിനു പിന്നില്‍ ചേട്ടന്‍ എന്നോ അമ്മാവന്‍ എന്നോ ചേര്‍ത്ത് ഒരു പേരു വിളിക്കും. ഏതോ തലമുറ അജ്ഞാതകാരണത്തില്‍ വട്ടപ്പേരു നല്‍കിയ എത്രയോ കടക്കാര്‍. തലമുറകള്‍ കടന്നിട്ടും ആ പേരു മാത്രം നഷ്ടപ്പെടാതെ കച്ചവടത്തിന്‍റെ പാരമ്പര്യം തുടര്‍ന്നവര്‍ അനേകം. കച്ചവടത്തിന്‍റെ ആധുനിക സങ്കേതങ്ങള്‍ തുറന്നിട്ടും, നഷ്ടത്തിലായിട്ടും കടയെന്ന നാലു ചുവരിന്‍റെയുളളില്‍ രാജാവായുള്ള വാഴ്ച അവസാനിപ്പിക്കാന്‍ മടിച്ചവര്‍ എത്രയോ പേര്‍. ആഴ്ചയില്‍ ഒരിക്കല്‍ ചന്തയ്ക്കു പോയി മടങ്ങിവരുമ്പോള്‍ വാര്‍ത്തകളുടെ വിശാലമായ ലോകം ഗ്രാമത്തിലേക്കു കൊണ്ടു വന്നിരുന്നു ഈ കച്ചവടക്കാര്‍. പൊതിയാനുള്ള പത്രക്കടലാസില്‍ നിന്നു വാര്‍ത്തകളുടെ അറിവു നേടിയവര്‍. അസംഘടിതരെങ്കിലും വ്യാപാരരീതിയിലും ഉപഭോക്താവിനെ കൈകാര്യം ചെയ്യുന്ന രീതിയിലും സമാനസംഘടിത സ്വഭാവം പുലര്‍ത്തിയിരുന്നു അവരും.
പൂട്ടാത്ത പൂട്ടുകള്‍
സാധാരണക്കാരന്‍റെ ആവശ്യങ്ങളുടെ അളവിനോട് സമരസപ്പെടാനാകാതെ താഴിട്ടു പൂട്ടുന്നു ഒരു കച്ചവടസംസ്കാരത്തെ. കച്ചവടത്തെ മനുഷ്യത്വവുമായി കൂട്ടിയിണക്കി, മനുഷ്യരുമായി കൂട്ടിയണിക്കിക്കഴിഞ്ഞവരുടെ കാലം കഴിയുന്നു. ഒരു കൂട്ടം അപരിചിതര്‍ അവനവന്‍റെ മാത്രം ആവശ്യത്തിനായി പരസ്പരം അജ്ഞാതരായി വന്നു കടന്നു പോകുന്നവരുടെ സങ്കേതം മാത്രമായി കച്ചവടകേന്ദ്രങ്ങള്‍ മാറിക്കഴിഞ്ഞു. പലവകയുടെ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന മേല്‍ക്കൂരയുടെ ചുവട്ടില്‍ ഊഴം കാത്തു നില്‍ക്കുന്ന കാഴ്ചകള്‍ മറയുന്നു. കാലത്തിന്‍റെ ഇരുട്ടു പടരുന്നു. മനസില്‍ സെറ്റിട്ടൊരുക്കിയ പലചരക്കു കട അടയ്ക്കുന്നു. പുറത്തൊരു ബോര്‍ഡ് തൂക്കാം, ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ കട തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. ഇനിയൊരറിയിപ്പ് ഉണ്ടാവരുതേ എന്ന പ്രാര്‍ഥനയോടെ...

അമ്മേ ഹോര്‍ളിക്സ്...രാ വണിന്‍റെ സ്റ്റിക്കര്‍ ഫ്രീയുണ്ട്...മനോഹരമായി ഡിസൈന്‍ ചെയ്ത റാക്കുകള്‍ക്കിടയിലൂടെ ട്രോളി തള്ളുന്നതിനിടെ ഒന്നാം ക്ലാസുകാരന്‍റെ ഓര്‍മപ്പെടുത്തല്‍. അരിക്കു ഫ്രീയായി കുറച്ചു കല്ലു കിട്ടിയിരുന്നു
എന്നതൊഴിച്ചാല്‍... പണ്ട് നൂറു വെളിച്ചെണ്ണയ്ക്കും അമ്പതു കടുകിനും എന്ത് ഫ്രീ തരാനാണ്...
ചെറിയ കടലാസു പൊതികള്‍ക്കൊപ്പം വെളിച്ചെണ്ണക്കുപ്പിയും മാറില്‍ അടുക്കിപ്പിടിച്ച്...നാരങ്ങാമിട്ടായി നുണഞ്ഞ്...വീട്ടിലേക്ക് ഓടിപ്പോയതിന്‍റെ ഓര്‍മകള്‍ മനസിലുള്ള ഒരു തലമുറ ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകളോട് താദാത്മ്യം പ്രാപിച്ചിട്ടുണ്ട്. എന്നാലും പറയാതെ വയ്യ...മകനേ.. നിനക്കു നഷ്ടം, ത്രാസില്‍ ചെറിയ കട്ടികള്‍ വീഴുമ്പോഴുള്ള ശബ്ദം...കൊപ്രയാട്ടിയ വെളിച്ചെണ്ണയുടെ മണം...ഉള്ളി മൂപ്പിച്ച ചോറ്...യുവവാണി...
കാലമേ...ഗുഡ് ബൈ...
വാള്‍മാര്‍ട്ടേ...സ്വാഗതം....

ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ ‘’
മലമുകളില്‍ മധ്യമാവതി രാഗത്തില്‍
ഒരു പകലൊടുങ്ങുന്നു.
ശരണമന്ത്രങ്ങളുടെ ശബ്ദഘോഷത്തിരകളില്‍ സര്‍വര്‍ക്കും ആശ്രയമായി കാത്തിരിക്കുന്ന ഒരാള്‍ ഉറങ്ങാന്‍ ഒരുങ്ങുന്നു. കീര്‍ത്തനം താരാട്ടായി മാറുന്നു. നിര്‍മാല്യനേരം മുതല്‍ അത്താഴപൂജയ്ക്കപ്പുറവും മലകയറി വരുന്ന ഭക്തര്‍ക്കു വേണ്ടി ഉണരാനായി... വ്രതപുണ്യത്തിന്‍റെ കാനനപാത താണ്ടിയെത്തുന്നവര്‍ക്കു ദര്‍ശനത്തിന്‍റെ സുകൃതം നല്‍കാനായി... കൂപ്പിയ കൈകളുടെ പിന്നില്‍ കണ്ണുകള്‍ ഈറനണിയുന്നു. വൃശ്ചിക രാവിന്‍റെ മഞ്ഞില്‍ ഒരു മഹാക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ നട മെല്ലെ അടയുന്നു. അപ്പോഴും തൊഴുതിറങ്ങിയവര്‍ മല താണ്ടിയിട്ടുണ്ടായിരുന്നില്ല...പുഴയും കാടും കടന്ന് എത്രയോ പേര്‍ മലകയറിക്കൊണ്ടിരിക്കുന്നു. പുണ്യപാപച്ചുമടുകളില്‍ മുറുകെപ്പിടിച്ച് മലമുകളില്‍ എവിടെയോ വച്ച് പരസ്പരം കടന്നു പോയി....
ഇടറിവീഴാന്‍ പാടില്ലാത്ത വിശ്വാസകാലത്തിന്‍റെ വരമ്പിലൂടെയുള്ള യാത്ര തുടങ്ങുകയാണ്, ഒരിക്കല്‍ക്കൂടി. ശബരിമല വ്യത്യസ്തമായ ഇമേജാണ് മലകയറുന്നവര്‍ക്കും മലകയറിയിട്ടില്ലാത്തവര്‍ക്കും. ഈശ്വരനും ഈശ്വരനെ കാണാനെത്തുന്നവരും സ്വാമിയായി മാറുന്ന ഇടം. ജീവിതത്തിന്‍റെ കഠിനപാതകള്‍ പിന്നിട്ട്, വിശ്വാസത്തിന്‍റെ കാനനപാതകള്‍ താണ്ടി, ഒടുവില്‍ ദര്‍ശനപുണ്യത്താല്‍ മനസിന്‍റെ ശ്രീകോവിലില്‍ സംതൃപ്തിയുടെ നിറദീപക്കാഴ്ചയൊരുക്കാന്‍ ജനലക്ഷങ്ങളുടെ തീര്‍ഥാടനം. വൃശ്ചികപ്പുലരിയുടെ വിശ്വാസനാളുകളില്‍ ശബരിമല എന്ന ഏകലക്ഷ്യത്തിലേക്ക് ഇരുമുടിക്കെട്ടുകള്‍ നിറയുന്നു.
വ്രതം നോക്കുന്നതിനും ഇരുമുടിക്കെട്ടു നിറയ്ക്കുന്നതിനും ശരണമന്ത്രങ്ങള്‍ ഏറ്റുവിളിക്കുന്നതിനുമപ്പുറം ശബരിമല തീര്‍ഥാടനക്കാലം
മനസില്‍ നിറയ്ക്കുന്നുണ്ട് ഒരുപാടു ജീവിതചിത്രങ്ങള്‍. വൃശ്ചികത്തണുപ്പിന്‍റെ അര്‍ധരാത്രികളില്‍ നിശബ്ദതയെ ഭേദിച്ച് അങ്ങകലെ നിന്നൊഴുകി വരുന്ന ശാസ്താം പാട്ടിന്‍റേയും ചിന്തുപാട്ടിന്‍റേയും അവ്യക്തമായ വരികള്‍, അയ്യപ്പന്‍ വിളക്ക് എന്ന ആഘോഷത്തിന്‍റെ അന്ത്യത്തില്‍ തിളച്ചെണ്ണെയില്‍ നിന്ന് അപ്പം വാരുന്ന വാവരുടെ ആവാഹനം, പുലര്‍ച്ചെ അജ്ഞാതമായ വാഹനത്തില്‍ അകന്നകന്നു ശബരിമലയ്ക്കു പോകുന്ന ശരണം വിളികള്‍, പിന്നെ, മലയില്‍ അയ്യപ്പന്മാര്‍ പെരുകുമ്പോള്‍ മഞ്ഞിറങ്ങി നാട്ടിലേക്കു വരുന്നതുകൊണ്ടാണു അതിരാവിലെ തണുപ്പു കൂടുന്നതെന്ന് ആരോ പകര്‍ന്നു തന്ന വിശദീകരണത്തിന്‍റെ കൗതുകം
ഓണ്‍ലൈന്‍
ദര്‍ശനം
വ്രതം തെറ്റിയാല്‍ പുലി പിടിക്കുമെന്ന കാര്യത്തില്‍ സന്ദേഹമില്ലാത്ത ബാല്യം. തീവ്ര വ്രതത്തില്‍ ഇളവുകള്‍ കാംക്ഷിച്ച കൗമാരം. നിരീശ്വര വിശ്വാസങ്ങളില്‍ ഇടയ്ക്കിടെ ദൈവഭയത്തിന്‍റെ നിലാവു പരന്ന യൗവനം. ഒടുവില്‍ ജീവിതഭാരത്തിന്‍റെ കാനനവഴിയിലൂടെ ആശ്വാസത്തിന്‍റെ അത്താണി തേടി മല കയറ്റം. ഓരോ കാലത്തിനും ജീവിതക്കാഴ്ചയുടെ വ്യത്യസ്ത ഫ്രെയ്മുകള്‍. ശബരിമല ഒരേ സമയം വിശ്വാസവും ആശ്വാസവുമാകുന്നുണ്ടാകാം ഒരുപാടു പേര്‍ക്ക്. മണ്ഡലകാലത്തു ഹോട്ടല്‍ അയ്യപ്പാസ്(വെജിറ്റേറിയന്‍)എന്നു പേരു മാറ്റുന്ന ഹോട്ടലുകള്‍ മുതല്‍ പമ്പ മുതല്‍ സന്നിധാനം വരെ നീളുന്ന കച്ചവടക്കാര്‍ വരെ ശബരിമലയുടെ സാന്നിധ്യത്താല്‍ ജീവിതത്തിന്‍റെ കരിമല താണ്ടുന്നവരാണ്.
ഇക്കുറി ക്യൂ നില്‍ക്കാതെ എളുപ്പം ദര്‍ശനം നേടാനായി ഇന്‍റര്‍നെറ്റിലൂടെ ബുക്ക് ചെയ്യാമെന്ന പൊലീസ് സഹായവുമുണ്ട്, ശബരിമലയില്‍. ഓണ്‍ലൈന്‍ ദര്‍ശനത്തിന്‍റെ സാധ്യതകളിലേക്കുള്ള വാതില്‍ പൂര്‍ണമായും അടയ്ക്കാനാകില്ല വരും കാലങ്ങളില്‍ എന്ന സൂചന നല്‍കുന്ന നീക്കം. ഒരു കാലത്തു ദുഷ്ക്കരമായിരുന്നു ശബരിമല യാത്ര, യഥാര്‍ഥത്തില്‍ തീര്‍ഥാടനത്തിന്‍റെ എല്ലാ ദുരിതങ്ങളും താണ്ടണമായിരുന്നു. ഇപ്പോള്‍ സൗകര്യങ്ങളേറി, യാത്രയുടെ സുരക്ഷിതത്വവും. സാധാരണ ജീവിതത്തില്‍ സാങ്കേതികതയുടെ സ്വാധീനം എറുമ്പോള്‍ സൗകര്യം വര്‍ധിപ്പിക്കലിന്‍റെ അടുത്തപടിയിലേക്കു കൂടി അധികൃതര്‍ കടക്കുന്നു, ഓണ്‍ലൈന്‍ ക്യൂ നില്‍ക്കലിലൂടെ. ഇതൊന്നുമില്ലാതെ കഠിനവ്രതത്തിന്‍റെ ബലത്തില്‍ കാനനപാത താണ്ടി ദര്‍ശനം കണ്ടു മടങ്ങിയവരുണ്ടെന്ന് ഓര്‍ക്കുന്നതു നല്ലത്.
ഡയലര്‍ ടോണിലും
ഹരിവരാസനം...
ശബരിമലക്കാലത്തിന്‍റെ സൂചനകള്‍ എങ്ങും കണ്ടുതുടങ്ങിയിരിക്കുന്നു. കറുത്തമുണ്ടും രുദ്രാക്ഷമാലയും ഇരുമുടിയുമൊക്കെ പതിവുപോലെ കടകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. മൊബൈല്‍ ഫോണിന്‍റെ ഡയലര്‍ ടോണുകളില്‍ പാതി മുറിഞ്ഞ ഹരിവരാസനം...പാട്ടിന്‍റെ മണ്ഡലക്കാലം കൂടിയാണിത്. അയ്യപ്പഭക്തിഗാനങ്ങള്‍ക്കു താത്പര്യമേറുന്ന സമയം. പതിവുതെറ്റിക്കാതെ ഇക്കുറിയും ഭക്തിഗാനങ്ങളുടെ മഹാപ്രളയം. ഒരു സീസണല്‍ സംഭവമാണെങ്കിലും മലയാളത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന എത്രയോ അയ്യപ്പഭക്തി ഗാനങ്ങള്‍...

ഉദിച്ചുയര്‍ന്നു മാമല മേലേ...
പാപം മറിച്ചിട്ടാല്‍ പമ്പ...
നിലാവേ വാ ഈ പമ്പാതീരത്ത് വിരി വച്ചു താ.....അങ്ങനെ എത്രയോ പാട്ടുകള്‍.
വിശ്വാസകേന്ദ്രങ്ങളിലെ പതിവു മുന്നറിയിപ്പു ബോര്‍ഡുകളില്ല ശബരിമലയില്‍. മത സാഹോദര്യത്തിന്‍റെ ഒരിക്കലും പിരിയാത്ത ഐതിഹ്യങ്ങളുള്ളതു കൊണ്ടു തന്നെ ആര്‍ക്കും ദര്‍ശനസൗഭാഗ്യം നേടാം. അയ്യപ്പന്‍റേയും വാവരുടേയും സൗഹൃദകഥകളില്‍ തലമുറകള്‍ തെറ്റിക്കാത്ത കീഴ്വഴക്കം. ഇപ്പോഴും എത്രയോ വിഭിന്നമതക്കാര്‍ പതിനെട്ടാം പടി ചവിട്ടി അയ്യപ്പസന്നിധിയില്‍ എത്തുന്നു, പാപദുരിതങ്ങള്‍ അകറ്റുന്നു.
ഇനി വിശ്വാസത്തിന്‍റെ ഇരുമുടിക്കെട്ടു മുറുകുന്ന നാളുകള്‍.
ശരണമന്ത്രങ്ങള്‍ ഉറക്കെ വിളിച്ചു
ശബരിമല തീര്‍ഥാടനമാകാം.
പമ്പയില്‍ പാപം കഴുകാം
കരിമലയും നീലിമലയും താണ്ടാം.
ഒടുവില്‍
ആ സന്നിധിയിലെത്തുമ്പോള്‍ മനസും ശരീരവും ഒരു വാക്ക് വായിക്കാന്‍ പരുവപ്പെട്ടിരിക്കും, തത്വമസി. അതൊരു തിരിച്ചറിവാണ്, ശബരിമല തീര്‍ഥാടനം തിരിച്ചറിവിലേക്കാണ്. അവനവനില്‍ ഈശ്വരനെ കണ്ടെത്തിത്തരുന്ന സുകൃതത്തിലേക്കുള്ള തീര്‍ഥാടനം.
വൈപ്പിക്കോട്ട സെമിനാരി
ചരിത്രത്തിലേക്കു മുസിരിസ് വഴി 4
ആദ്യാക്ഷരങ്ങള്‍ കുറിച്ച അച്ചുകൂടം നിശ്ചലം. എങ്കിലും ചരിത്രം ഹരിശ്രീ കുറിച്ച ചേന്ദമംഗലത്തിന്‍റെ മണ്ണില്‍ അക്ഷരത്തിന്‍റെ തിരുശേഷിപ്പുകളായുള്ള കെട്ടിടാവശിഷ്ടങ്ങള്‍. മുകളിലേക്കുയര്‍ന്ന നിര്‍മിതിയുടെ പായല്‍ പിടിച്ച പുറംചുവരുകളില്‍ നിന്നു ചരിത്രം വായിച്ചെടുക്കാനാവില്ല. ഒരു പക്ഷേ അവിടെ അങ്ങനെയൊരു അച്ചുകൂടത്തില്‍ അക്ഷരങ്ങളെഴുതിയ ബ്ലോക്കില്‍ ചരിത്രത്തിന്‍റെ പതിയലുകള്‍ ഉണ്ടായിരുന്നുവെന്നു സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. കാലം ഇങ്ങനെയാണ്. മനുഷ്യസങ്കല്‍പ്പത്തിന്‍റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്കു മാറ്റത്തിന്‍റെ മായാജാലങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അങ്ങനെ പോയ കാലത്തു സര്‍വസാധാരണത്തം പേറുന്ന പലതും പിന്നീട് അത്ഭുതമായി മാറും, ചരിത്രവുമാകും. എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് ചേന്ദമംഗലം കോട്ടയില്‍ കോവിലകത്തെ ഹോളി ക്രോസ് പള്ളിയിലെത്തുമ്പോള്‍ പണ്ടു പഠിച്ചൊരു അറിവിന്‍റെ അകമ്പടി കൂടിയുണ്ടായിരുന്നു. കേരളത്തില്‍ ആദ്യമായി അച്ചടി നടന്ന ഇടം, വൈപ്പിക്കോട്ട സെമിനാരി.
ഹോളി ക്രോസ് ചര്‍ച്ച്
വാക്കുകളില്‍ ഒതുങ്ങാത്ത ചരിത്രപ്രാധാന്യം.
പള്ളിപ്പറമ്പിലേക്കു കടക്കുമ്പോള്‍ അത്തരമൊരു സാന്നിധ്യത്തിന്‍റെ സൂചനകളില്ല. പിന്നീടുള്ള അന്വേഷണത്തില്‍ സെമിത്തേരിക്കു പുറകിലായി, കാലത്തിന്‍റെ പച്ചപ്പു പടര്‍ന്നു കയറിയ കെട്ടിടാവശിഷ്ടം, മേല്‍ക്കൂരയില്ല. നാലു ചുവരുകളുടെ ആകൃതി പോലുമില്ല, മതിലുകള്‍ മാത്രം. പക്ഷേ മതിലുകള്‍ കോറിയിടുന്ന ചരിത്രം അവഗണിക്കാന്‍ കഴിയുന്നതല്ല. അച്ചടിയുടെ ഈറ്റില്ലമെന്ന സ്ഥിരം വിശേഷണത്തെ ഒന്നൊതുക്കി നിര്‍ത്തിയാല്‍, കേരളത്തിലെ ആദ്യത്തെ മള്‍ട്ടി ലാങ്ഗ്വേജ് പ്രസ് കൂടിയായിരുന്നു ഇവിടം. നൂറ്റാണ്ടുകള്‍ക്കപ്പുറം ആദ്യകാല അക്ഷരങ്ങളുടെ നിശ്വാസം ഉതിര്‍ന്നു വീണ മണ്ണ്. ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സംരക്ഷണയിലാണു വൈപ്പിക്കോട്ട സെമിനാരിയുടെ അവശിഷ്ടങ്ങള്‍. ഒരുപാടു ചരിത്രപ്രാധാന്യമുള്ള സ്ഥലം. ചരിത്രത്തിന്‍റെ പിന്‍വഴികളിലൂടെ നടന്നു ചെന്നാല്‍ ചെന്നു ചേരുന്നത് നാലാം നൂറ്റാണ്ടു മുതല്‍ ഇവിടം വാണിരുന്ന, ചേന്ദമംഗലം തലസ്ഥാനമായിരുന്ന, വില്ലാര്‍വട്ടം സാമ്രാജ്യത്തിന്‍റെ തിരുമുമ്പില്‍. പിന്നീടിങ്ങോട്ടു അനേകം കൈവഴികളായിത്തിരിയുന്ന ചരിത്രത്തിന്‍റെ മഹാപ്രളയം.
ചേന്ദമംഗലത്തു സെമിനാരി
കാലങ്ങള്‍ക്കു മുമ്പ്. അങ്കമാലി പള്ളിയില്‍ മലങ്കര പള്ളി പ്രതിനിധികളുടെ യോഗമായ അങ്കമാലി സൂനഹദോസിലാണ് ചേന്ദമംഗലത്തു സെമിനാരി എന്ന ആശയം ആദ്യം ഉയര്‍ന്നത്. ബിഷപ്പ് മാര്‍ എബ്രഹാമിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം. ജസ്യൂട്ട് മിഷനറിമാരുടെ മേല്‍നോട്ടത്തിലൊരു സെമിനാരി എന്ന അപേക്ഷയുമായി ബിഷപ്പ് മാര്‍ എബ്രഹാം പോപ്പിനു കത്തെഴുതി. 1576ല്‍ പോപ്പിന്‍റെ അനുകൂല മറുപടിയുമായി ജസ്യൂട്ട് പുരോഹിതന്‍ അലക്സാന്‍ഡോ വിലിഗാനി കേരളത്തിലെത്തി. കൊച്ചി രാജാവിനേയും ബിഷപ്പിനേയും കണ്ടു. അങ്ങനെ ചേന്ദമംഗലത്തു വില്ലാര്‍വട്ടം കുന്നിനു സമീപം ഇന്ത്യയിലെ ജസ്യൂട്ടുകളുടെ ആദ്യ സെമിനാരിക്കു 1577ല്‍ തുടക്കമായി, വൈപ്പിക്കോട്ട സെമിനാരി. കോളെജ് ഒഫ് ചെന്നോത്ത് എന്നും വൈപ്പിക്കോട്ട സെമിനാരി അറിയപ്പെട്ടിരുന്നു. കൊച്ചി രാജാവിന്‍റെ ഗ്രാന്‍റും സെമിനാരിക്കു ലഭിച്ചിരുന്നു. ദി ഹോളി ക്രോസ് എന്ന പേരില്‍ ഒരു ചാപ്പലും സെമിനാരിക്കു സമീപത്തായി നിര്‍മിച്ചിരുന്നു. ആ പള്ളി തന്നെയാണ് ഇപ്പോഴത്തെ ഹോളി ക്രോസ് ചര്‍ച്ചായി രൂപാന്തരം പ്രാപിച്ചതെന്നു കരുതുന്നു. പള്ളിയുടെ മുഖപ്പിനു മാറ്റം വരുത്തിയെങ്കിലും പഴയകാല നിര്‍മിതിയുടെ സൂചനകള്‍, പ്രത്യേകതകള്‍ ഇപ്പോഴും ദര്‍ശിക്കാം.

ഇന്‍സ്‌ക്രിപ്ഷനുകള്‍
1577ല്‍ തന്നെയാണു വൈപ്പിക്കോട്ട സെമിനാരിയില്‍ ആദ്യ പ്രിന്‍റിങ് പ്രസ് സ്ഥാപിച്ചത്. സ്പെയ്നില്‍ നിന്നുള്ള ജസ്യൂട്ടായ ബ്രദര്‍ ജോണ്‍ ഗോണ്‍സാല്‍വസ് മരത്തില്‍ അക്ഷരങ്ങള്‍ കൊത്തിയെടുത്തു. ആദ്യത്തെ പുസ്തകത്തിന് അച്ചുകൂടമൊരുങ്ങി. ഡോക്റ്ററീന ക്രിസ്റ്റ്യാന എന്ന പുസ്തകം അച്ചടിച്ചത് തമിഴ് ലിപിയില്‍. ഈ പുസ്തകം ഇപ്പോള്‍ പാരിസില്‍ സൂക്ഷിച്ചിരിക്കുന്നു എന്ന് പള്ളിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 1579ല്‍ അച്ചടിച്ച ഡോക്റ്ററീന ക്രിസ്റ്റിം എന്ന മറ്റൊരു പുസ്തകം ഇപ്പോള്‍ പാരിസിലെ സൊര്‍ബോണ്‍ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അവകാശവാദങ്ങള്‍. 1602ല്‍ ചേന്ദമംഗലത്തു സുറിയാനി പ്രിന്‍റിങ്ങും ആരംഭിച്ചു. സുറിയാനി അച്ചടിക്കാനുള്ള പ്രസ് നല്‍കിയതു പോപ്പ് ക്ളെമെന്‍റ് എട്ടാമനാണെന്നും ചരിത്രരേഖകള്‍. ഒടുവില്‍ ഡച്ച് ആക്രമണം ഭയന്നു വൈപ്പിക്കോട്ട സെമിനാരി അമ്പഴക്കാട്ടേക്കു ഷിഫ്റ്റ് ചെയ്തു. പിന്നീട് 1790ല്‍ ടിപ്പുവിന്‍റെ പടയോട്ടക്കാലത്തു ഈ പ്രദേശത്തെ സ്ഥാപനങ്ങള്‍ തകര്‍ത്തു.
ചരിത്രത്തിന്‍റെ അവശിഷ്ടങ്ങള്‍
ഇത്രയേറെ പ്രാധാന്യമുള്ള വൈപ്പിക്കോട്ട സെമിനാരിയില്‍ ഇന്ന് അവശേഷിക്കുന്നതു പുല്ലു പടര്‍ന്നു കയറിയ കെട്ടിടാവശിഷ്ടം മാത്രം, പിന്നെ രേഖപ്പെടുത്തയ ചരിത്രത്തില്‍ കാലം കൂട്ടിച്ചേര്‍ത്ത ചില അറിവുകളും. ആ പ്രദേശത്തു നിരവധി കെട്ടിടങ്ങളുണ്ടായിരുന്നുവെന്നും പിന്നീടുള്ള കാലങ്ങളില്‍ നടന്ന യുദ്ധത്തില്‍ തകര്‍ക്കപ്പെട്ടുവെന്നും രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. പര്യവേഷണങ്ങളിലൂടെ ഈ ഭാഗത്തു നിന്നും കല്ലില്‍ കൊത്തിയ ഇന്‍സ്ക്രിപ്ഷനുകള്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴതു പള്ളിയുടെ സമീപത്തായി പ്രത്യേകം കെട്ടിയുണ്ടാക്കിയ ചുവരില്‍ സൂക്ഷിച്ചിരിക്കുന്നു. ആത്മീയ സംഘടനയായ ദര്‍ശന സമൂഹവും, മരിയന്‍ സൊഡാല്‍റ്റി ഗ്രൂപ്പും ( ഇപ്പോഴത്തെ സിഎല്‍സി ) കേരളത്തില്‍ ആദ്യമായി ആരംഭിക്കുന്നതും വൈപ്പിക്കോട്ട സെമിനാരിയിലാണ്.
ഇത്രയും മനുഷ്യന്‍ ചികഞ്ഞെടുത്ത ചരിത്രസത്യങ്ങള്‍. ഇനിയുമെത്രയോ സാന്നിധ്യങ്ങള്‍ അസാന്നിധ്യങ്ങളായി ഈ മണ്ണിനടിയില്‍ ഉറങ്ങുന്നുണ്ടാകും. ചരിത്രമെന്ന രേഖപ്പെടുത്തലിലേക്ക് എത്താന്‍ കഴിയാതെ മറഞ്ഞു പോയ എത്രയോ സത്യങ്ങള്‍ ഉണ്ടാകാം....

പാലിയം കൊട്ടാരം
കൊച്ചിയില്‍ പാതി പാലിയം
സമൃദ്ധിയുടെ ആഴമറയിച്ച ഈ പഴമൊഴിയോര്‍ത്ത് പാലിയം കൊട്ടാരത്തിനു മുന്നിലെത്തി. കവാടത്തിനപ്പുറം കൊച്ചി രാജവംശത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്‍റെ കൊട്ടാരം. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നു രാജാവിനു ഭീഷണി ഉണ്ടായപ്പോള്‍ സംരക്ഷണം നല്‍കിയിരുന്നതു പാലിയത്തച്ചനായിരുന്നുവെന്നു ചരിത്രം പറയുന്നു. കൊച്ചി രാജവംശത്തില്‍ പോര്‍ച്ചുഗീസുകാരുടെ ശക്തി സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിച്ചതു പാലിയത്തെ കോമി അച്ചന്‍ ഒന്നാമന്‍. പാലിയം - ഡച്ച് ബന്ധം ശക്തിപ്പെടുത്തുന്നതിലും കോമി അച്ചന്‍ പ്രധാന പങ്കു വഹിച്ചിരുന്നു. മഹാരാജാവിന്‍റെ പ്രധാനമന്ത്രിയായി മുപ്പതു വര്‍ഷത്തോളം സേവനം അനുഷ്ഠിച്ചു കോമി അച്ചന്‍ രണ്ടാമന്‍. അദ്ദേഹത്തിന്‍റെ കാലയളവിലാണ് തിരുവിതാംകൂറില്‍ നിന്നും, സാമൂതിരിയില്‍ നിന്നും, മൈസൂരിലെ ഹൈദരില്‍ നിന്നും കൊച്ചിരാജ്യം ഏറ്റവും കൂടുതല്‍ ഭീഷണി നേരിട്ടത്. പിന്നീട് ഗോവിന്ദന്‍ വലിയ അച്ചന്‍, രാമന്‍വലിയ അച്ചന്‍....പാലിയം പരമ്പര നീളുന്നു.
പാലിയം നാലുകെട്ട്
അങ്ങനെ മുസിരിസ് പൈതൃക പട്ടികയില്‍ ഇടംപിടിച്ച പാലിയം കൊട്ടാരത്തിനും പറയാനുള്ളതും ചരിത്രത്തിന്‍റെ ഒളിമങ്ങാത്ത അധികാരകഥകള്‍. പാലിയം കൊട്ടാരത്തിന്‍റെ നിര്‍മാണത്തില്‍ ഡച്ച് വൈദഗ്ധ്യത്തിന്‍റെ സ്വാധീനമുണ്ട്. കേരള വാസ്തുകലയുടെ സങ്കലനം കൂടിയാകുമ്പോള്‍ കൊട്ടാരത്തിന്‍റെ ഭംഗിയും സൗന്ദര്യവും ഏറുന്നു. ഘനമേറിയ ചുവരുകളും അകത്തളത്തില്‍ കൊത്തുപണി ചെയ്ത ഗോവണികളും. കവാടത്തിനു മുകളിലായുള്ള പ്രസംഗപീഠത്തില്‍ നിന്നു പാലിയത്തച്ചന്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുമായിരുന്നു.

കൊട്ടാര കവാടം കടന്ന് അകത്തേക്കു നടപ്പാതകള്‍. പാലിയം ട്രസ്റ്റ് ഓഫിസും കടന്നു വലത്തോട്ടു തിരിഞ്ഞു മുന്നോട്ടു നടന്നാല്‍ ക്ഷേത്രം. ക്ഷേത്രത്തിനപ്പുറത്താണു നിര്‍മാണകലയുടെ മറ്റൊരു ഉദാഹരണായി പാലിയം നാലുകെട്ട്. 1786ല്‍ പാലിയം കുടുംബത്തിലെ മുതിര്‍ന്ന അംഗം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിര്‍മിച്ചതാണു ക്ലാസിക്കല്‍ സ്ട്രക്ചറുള്ള ഈ നാലുകെട്ട്. നാലുകെട്ടും നടുമുറ്റവുമൊക്കെയുള്ള പഴയകാല കേരള മോഡല്‍ നിര്‍മാണം തന്നെയാണു പാലിയം നാലുകെട്ടിനുമുള്ളത്. നാലുകെട്ടിലെ ഓരോ പ്രദേശത്തിനും ഓരോ ധര്‍മവും ഉണ്ടായിരുന്നു. പടിഞ്ഞാറ്റിനിയെ മൂന്നു ഭാഗങ്ങളായി തിരിച്ചു. അതില്‍ നടുവിലത്തേതായിരുന്നു വിലപിടിപ്പുള്ളതെല്ലാം സൂക്ഷിച്ചിരുന്ന അറ. വടക്കിനിയെ രണ്ടായി തിരിച്ചു, അടുക്കളയും ഊണുമുറിയും. വലിയ ഹാളുകളുള്ള കിഴക്കിനിയും തെക്കിനിയും അതിഥികളെ സ്വീകരിക്കാനുള്ളതുമായിരുന്നു.