Saturday, May 21, 2011

രാഗമണ്ഡപത്തിലെ കാര്‍ത്തികവിളക്ക്


യാത്ര, തൃശൂര്‍ ജില്ലയിലെ ആറാട്ടുപുഴയുടെ മണ്ണിലേക്ക്. ഓര്‍മ വച്ച നാള്‍ മുതല്‍, കല്‍പ്പാന്തകാലത്തോളം എന്ന ഗാനം കേട്ട നാള്‍ മുതല്‍, മനസില്‍ പലവട്ടം നമിച്ച ഒരാളെ കാണാനാണു യാത്ര. ആറാട്ടുപുഴയുടെ നാട്ടിടവഴികളിലൂടെ നടക്കുമ്പോള്‍ പാടശേഖരങ്ങളുടെ പച്ചപ്പിന്‍റെ അതിര്‍ത്തി കടന്നെത്തിയ കാറ്റിന് ഒരു താളമുണ്ടായിരുന്നു. മനസില്‍ പതിഞ്ഞുപോയ ഈണങ്ങളു ടെ ഇമ്പം വീണ്ടും കേള്‍ക്കാന്‍. കേരളം സ്നേഹാദരങ്ങളോടെ വിദ്യാധരന്‍ മാഷ് എന്നു വിളിച്ച സംഗീതകാരനെ കാണാന്‍. കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തില്‍ രാഗങ്ങളാല്‍ തീര്‍ത്ത ആ കാര്‍ത്തികവിളക്കു കണ്ടു തൊഴാന്‍. ഹാര്‍മോണിയപ്പെട്ടിയുടെ കട്ടകളില്‍ വിരലോടിച്ച്, ഈണങ്ങളുടെ തീവ്രമുഹൂര്‍ത്തങ്ങളിലേക്ക് അലിയുന്ന ആ പരിചിതഭാവ ത്തിന്‍റെ തണലിലേക്ക് ഒരിക്കല്‍ക്കൂടി.
തലമുറകള്‍ക്കു കല്‍പ്പാന്തകാലം കാത്തുസൂക്ഷിക്കാന്‍ എത്രയോ ഗാനങ്ങള്‍. വഴങ്ങാത്ത വാക്കുകളെ അപൂര്‍വമായ രാഗസഞ്ചാരത്തിന്‍റെ സാധ്യതകളില്‍ മെരുക്കിയെടുത്ത എത്രയോ ഈണങ്ങള്‍. ഏതെങ്കിലുമൊരു തലമുറക്കണക്കില്‍ ഒതുങ്ങാതെ വിദ്യാധരസംഗീത ത്തിന്‍റെ വിസ്മയം ഇപ്പോഴും നിലനില്‍ക്കുന്നു. മധുരതരമായ ഈണങ്ങള്‍ ഇനിയുമുണ്ട് ഈ ഗ്രാമീണഹൃദയത്തില്‍. ആറാട്ടുപുഴയുടെ സ്വന്തം വിദ്യാധരന്‍. ഒരു പകലിന്‍റെ തിരക്കിനു വെയില്‍ മങ്ങുമ്പോള്‍ മാഷ് ജീവിതാനുഭവങ്ങള്‍ക്ക് ഈണം പകരാനിരുന്നു, മുന്നില്‍ വിരലുകളോടാന്‍ കാത്തിരിക്കുന്നു ഹാര്‍മോണിയം.
അര്‍ധരാത്രിയുടെ ഇരുളു കീറിയെത്തുന്ന ഈണം. കുറത്തികളിയുടെയും തുയിലുണര്‍ത്തുപാട്ടിന്‍റെയും ഈരടികള്‍ക്കായി ഒരു പയ്യന്‍ കിടക്കപ്പായയില്‍ ഉറങ്ങാതെ കിടന്നു. അടുത്തടുത്തു വരുന്ന പാട്ട് ഒടുവില്‍ വീട്ടുമുറ്റത്തെത്തി മടങ്ങുമ്പോള്‍, നാരയണേട്ടാ, ഒന്നൂടി പാടൂട്ടോ... എന്നു പറയാന്‍ മറക്കാറില്ല ഒരിക്കലും. തേക്കുപാട്ട്, ഞാറ്റുപാട്ട്, കൊയ്ത്തുപാട്ട്... പേരുകളാല്‍ വിഭജി ച്ചു നല്‍കിയ ഗ്രാമ്യസംഗീതത്തിന്‍റെ സങ്കേതങ്ങളോട് അന്നേ അഭിനിവേശമായിരുന്നു. അഞ്ചു വയസുകാരന്‍ മകന്‍റെ മനസില്‍ സംഗീതമുണ്ട് എന്നു തിരിച്ചറിഞ്ഞിരുന്നു, അച്ഛന്‍. ആദ്യഗുരുവായതു മുത്തച്ഛന്‍ കൊച്ചക്കനാശാന്‍.
ആദ്യം പുട്ടും കടലയും. അതിനു ശേഷം, ചവിട്ട് ഹാര്‍മോണിയത്തിന്‍റെ കട്ടകളില്‍ വിരലമര്‍ത്തി പഠനം. സംഗീത ത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ മുത്തച്ഛന്‍ പകര്‍ന്നു നല്‍കി. ആ കുരുന്നു മനസില്‍ സംഗീതം വേരുറയ്ക്കുന്നു. നല്ല ഗുരുവിന്‍റെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിപ്പിക്കാന്‍ മുത്തച്ഛന്‍ തന്നെ പറഞ്ഞു. തുടര്‍ന്നു പഠനം ഇരിങ്ങാലക്കുട ഗോവിന്ദന്‍കുട്ടി പണിക്കരുടെ അടുത്ത്. ഇതിനിടയില്‍ നാടകങ്ങള്‍ക്കും നൃത്തങ്ങള്‍ ക്കും പാട്ടുപാടി സംഗീത രംഗത്തുറയ്ക്കുകയായിരുന്നു. ഒരിക്കല്‍ ഒരു പാര്‍ട്ടി യോഗത്തില്‍ പാട്ടു പാടി. പാട്ട് അവസാനിക്കുമ്പോള്‍ ഒരു ലോറി ഡ്രൈവര്‍ പത്തു രൂപ ഷര്‍ട്ടില്‍ കുത്തിത്തന്നു, തഴമ്പിച്ച ആ കൈകള്‍ നല്‍കിയത് ആദ്യ അംഗീകാരം. വിദ്യാധരന്‍, വിദ്യാധരന്‍ മാഷായിട്ടും മറന്നിട്ടില്ല ആ പത്തുരൂപ.
ആരാധനാമൂര്‍ത്തിയുടെ
അടുത്തേയ്ക്ക്
ആരാധനയായിരുന്നു സംഗീതസംവിധായകന്‍ ജി. ദേവരാജന്‍ മാസ്റ്ററോട്. കാണാനുള്ള മോഹം തീവ്രം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍, ഇളയമ്മയുടെ മകനും ഗായകനുമായ തൃശൂര്‍ വേണുഗോപാലനൊപ്പം നാടുവിട്ടു. ആരോടും പറയാതെ, പൂരങ്ങളുടെ നാട്ടില്‍ നിന്നു സിനിമാപ്പൂരങ്ങളുടെ മഹാനഗരത്തിലേ ക്ക്. മദിരാശിയുടെ അപരിചിതത്വത്തില്‍ കച്ചിത്തുരുമ്പായുള്ളത് അമ്മാവന്‍ രാമ ദേവന്‍റെ മേല്‍വിലാസം. അന്വേഷണങ്ങള്‍ക്കൊടുവില്‍ മദ്രാസ് എയര്‍പോര്‍ട്ടിനടുത്ത് അമ്മാവന്‍റെ വീട്ടിലെത്തി. മലയാളി സമാജത്തിന്‍റെ സജീവപ്രവര്‍ത്തകനായിരുന്നു അമ്മാവന്‍. കലാകാരന്മാരുമായി നല്ല ബന്ധം. മദിരാശിയുടെ മണ്ണില്‍ ഒരു ആറാട്ടുപുഴക്കാരന്‍റെ പുതി യ ജീവിതരാഗം.
മനസിലപ്പോഴും ഒരാഗ്രഹം വിങ്ങുന്നുണ്ടായിരുന്നു. ദേവരാജന്‍ മാസ്റ്ററെ കാണണം. ഓണക്കാലം. മലയാളി സമാജ ത്തിന്‍റെ പരിപാടികളുടെ അവതരണഗാനം ചിട്ടപ്പെടുത്താന്‍ എത്തുന്നു, അദ്ദേഹം. പാട്ടു പഠിപ്പിക്കാനെത്തുമ്പോള്‍ കാണാമെന്ന മോഹത്തില്‍ ഒതുങ്ങിയി ല്ല. അതിനുമുന്‍പേ പോയി കണ്ടാലോ. വിദ്യാധരനും വേണുവും, മാസ്റ്റര്‍ എത്തും മുന്‍പേ അദ്ദേഹത്തിന്‍റെ താവളത്തിലെത്തി. വാതിലില്‍ മുട്ടി. കതക് തുറന്നയാള്‍ ചോദ്യഭാവത്തില്‍ നോക്കി.
വിക്കിവിക്കിയുള്ള മറുപടി, ദേവരാജന്‍ മാസ്റ്ററെ കാണാന്‍ വന്നതാ.
ദേവരാജന്‍ പുറത്തുപോയി, എന്താ കാര്യം..? പാട്ടു പാടുമോ..?.
പാടും. രണ്ടു പേരുടെയും മറുപടി.
എങ്കില്‍ പാടൂ...
അവിടെയിരുന്ന ഹാര്‍മോണിയത്തിലേക്കു വിരല്‍ചൂണ്ടി വിദ്യാധരന്‍ ചോദി ച്ചു. ആ ഹാര്‍മോണിയം എടുത്തോട്ടെ.?. അനുവദിച്ചു. ഹാര്‍മോണിയം വായിച്ച്, രണ്ടു പേരും ചേര്‍ന്നുപാടി. വികാരവ്യത്യാസമില്ലാതെ പാട്ടു കേട്ടിരുന്ന ആ മനുഷ്യന്‍ ഒടുവില്‍ പറഞ്ഞ മറുപടി നിരാശാജനകമായിരുന്നു. നിങ്ങള്‍ പൊയ്ക്കോളൂ, ദേവരാജന്‍ വരാന്‍ വൈകും. ആരാധ്യപുരുഷനെ കാണാതെ മടങ്ങി. സമാജത്തിലെത്തുമ്പോള്‍ കാണാമല്ലോ എന്നാശ്വാസം മാത്രം ബാക്കി.
മലയാളി സമാജത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ എത്താന്‍ കാത്തിരിക്കുകയായിരുന്നു എല്ലാവരും. ഒടുവില്‍ ഒരു കാറില്‍ വന്നിറങ്ങി, ആരോ വിളിച്ചു പറഞ്ഞു, ദേവരാജന്‍ മാസ്റ്ററെത്തി. നോക്കുമ്പോള്‍ തങ്ങളെ പാട്ടു പാടിപ്പിച്ച അതേ ആള്‍. അബദ്ധം മനസിലായപ്പോള്‍, മാസ്റ്ററു ടെ മുന്നില്‍ ചെന്നു പെടാതിരിക്കാനായി ശ്രമം. അവതരണഗാനത്തിന്‍റെ റിഹേഴ്സല്‍ ആരംഭിച്ചു.
മാനവധര്‍മം വിളംബരം ചെയ്യുന്ന
മാവേലിനാടിന്‍ മധുരശബ്ദങ്ങള്‍...
വരികള്‍ക്കൊടുവില്‍ വിരുത്തം വരുന്ന ഭാഗം. വിദ്യാധരനെ ചൂണ്ടി മാസ്റ്റര്‍ പറഞ്ഞു. ഇയാള്‍ പാടണം. വിദ്യാധരന്‍ പാടി.
ഞങ്ങളീ സംഗീതനൃത്തരംഗങ്ങളില്‍
നിങ്ങള്‍ക്കു നേരുന്നു മംഗളാശംസകള്‍....
അബദ്ധത്തിന്‍റെ ഓര്‍മപ്പെടുത്തലുകള്‍ ഉണ്ടായില്ല. പ്രതീക്ഷിച്ചിരുന്ന ജാള്യതയുടെ സന്ദര്‍ഭം ഒരിക്കലും വന്നെത്തിയതുമില്ല. പ്രത്യേകിച്ചു പരിചയങ്ങളൊ ന്നും കാണിക്കാതെ ആ സദസ് പിരി ഞ്ഞു. മനസില്‍ ഒരു ക്ലൈമാക്സ് ദേവരാജന്‍ മാസ്റ്റര്‍ ഒരുക്കിവച്ചിട്ടുണ്ടായിരുന്നു.
ഓ റിക്ഷാവാലാ.....
ഓ റിക്ഷാവാലാ....
വിദ്യാധരന്‍റെയും വേണുവിന്‍റെയും താമസസ്ഥലത്തേക്ക് ഒരാളെത്തി. ദേവരാജന്‍ മാസ്റ്റര്‍ ചെല്ലാന്‍ പറഞ്ഞിട്ടു ണ്ട്. രണ്ടുപേരും കുളിച്ചിട്ടു പോലുമില്ല, ഓടിപ്പിടഞ്ഞ് ഒരുങ്ങാനുള്ള തിടുക്കം, കുളിക്കാനായി ഇടി. അവിശ്വസനീയതയോ ടെ ആ ക്ഷണം സ്വീകരിക്കുമ്പോള്‍ മറ്റൊരു വിസ്മയം കൂടി, ക്ഷണിക്കാന്‍ വന്നത് അക്കാലത്തെ പ്രശസ്ത പാട്ടുകാരന്‍, സാക്ഷാല്‍ മെഹബൂബ്. റിഹേഴ്സല്‍ ക്യാംപിലെത്തി. കോറസ് പാടാനാണു വിളിച്ചത്. ഓര്‍ക്കസ്ട്ര നിയന്ത്രിക്കുന്നത് ആര്‍.കെ. ശേഖര്‍. എ.ആര്‍. റഹ്മാന്‍റെ അച്ഛന്‍.
പിന്നീട് അഭ്രപാളിയില്‍ ഹിറ്റായ ആ ഗാനത്തില്‍ വിദ്യാധരന്‍റെ ശബ്ദവുമുണ്ടായിരുന്നു. മെഹബൂബ് പാടിയ ആ ഗാനം... വയലാര്‍ രാമവര്‍മയുടെ രചന. സംഗീതം ദേവരാജന്‍. വെള്ളിത്തിര യില്‍ പാടി അഭിനയിച്ചതു പ്രശസ്ത ഗായകനായ സി. ഒ ആന്‍റോയും സംഘവും.
ഓ റിക്ഷാവാലാ
ഓ റിക്ഷാവാലാ.....
സംഘാംഗങ്ങളുടെ ശബ്ദം ഉയര്‍ന്നു...
കൊല്ലം വണ്ടിക്ക് കുഞ്ഞാണ്ടിക്കൊരു
കോളു കിട്ടി... കോളു കിട്ടി
അമ്പമ്പോ... അയ്യയ്യോ...
ഭരണി സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. എല്ലാം കഴിഞ്ഞപ്പോള്‍ ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു. അവിടെപ്പോ യി കാശു വാങ്ങിച്ചോളൂ. വയലാറിന്‍റെ രചനയില്‍ ദേവരാജന്‍റെ സംഗീതത്തില്‍ ആദ്യമായി പാടിയതിനു കിട്ടിയ പ്രതിഫലം, ഇരുപത്തഞ്ചു രൂപ. ആദ്യ പ്രതിഫലത്തിന്‍റെ അനുഗ്രഹം ഇപ്പോഴുമുണ്ടെ ന്നു വിദ്യാധരന്‍ ഓര്‍ക്കുന്നു. ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞിട്ടാണ് മദ്രാസില്‍ നിന്നു മടങ്ങിയത്. നാട്ടില്‍ പോയി കര്‍ണാടക സംഗീതം പഠിക്കാനായിരുന്നു നിര്‍ദേശം. തിരികെ നാട്ടിലേക്ക്. ആര്‍. വൈദ്യനാഥ ഭാഗവതരുടെയും ശങ്കരനാരായണന്‍ ഭാഗവതരുടെയും അടുത്തു സംഗീത പഠനം.
ഇതിനിടയില്‍ കലാമണ്ഡലം ക്ഷേമാവതിയുടെ (സംവിധായകന്‍ പവിത്രന്‍റെ ഭാര്യ) ട്രൂപ്പില്‍, കേരള കലാമന്ദിരത്തില്‍ ഹാര്‍മോണിസ്റ്റായി രംഗപ്രവേശം. പ്രൊഫഷണല്‍,അമച്വര്‍ നാടകങ്ങളുടെ സംഗീതത്തിലും സജീവമായി തുടങ്ങി. തൃശൂര്‍ റൗണ്ടില്‍ നാടകങ്ങളുടെ പരസ്യ ബോര്‍ഡ് ഉയരുമ്പോള്‍, രചന മുല്ലനേഴി, സംഗീതം വിദ്യാധരന്‍ എന്ന സ്ഥിരം ടൈറ്റില്‍ നിറഞ്ഞ കാലം. അക്കാലത്തു പുന്നപ്ര ദാമോദരന്‍റെ പ്രണവം എന്ന നാടകം അരങ്ങേറുന്നു. ആദ്യ അവതര ണം കാണാന്‍ കേരളത്തിലെ നാടകസംഘങ്ങളുടെ ഉടമകളും ഏജന്‍സികളും രചയിതാക്കളുമൊക്കെ എത്തി. അവതരണം കഴിഞ്ഞു. പാട്ടുകളെക്കുറിച്ചു ഗംഭീര അഭിപ്രായം.
കല്‍പ്പാന്തകാലത്തോളം
കാതരേ നീയെന്‍ മുന്നില്‍
നാടകപ്രവര്‍ത്തകരെ കാണാനെത്തിയവരില്‍ നാടകരചയിതാവ് കാലടി ഗോപിയുമുണ്ടായിരുന്നു. അദ്ദേഹം വിദ്യാധരനോടു പറഞ്ഞു. പെരുമ്പാവൂര്‍ നാടകശാല രംഗം എന്ന നാടകം അവതരിപ്പിക്കുന്നു, സംഗീതം ചെയ്യണം. രംഗത്തിന്‍റെ രചന കാലടി ഗോപിയും സംവിധാനം ശ്രീമൂലനഗരം വിജയനുമാണ്. പെരുമ്പാവൂര്‍ നാടകശാലയി ലെ അക്കാലത്തെ അഭിനേതാക്കളായിരു ന്നു മാള അരവിന്ദന്‍, കുതിരവട്ടം പപ്പു തുടങ്ങിയവര്‍. പാട്ടുകളില്ലാത്ത നാടകത്തില്‍, പശ്ചാത്തലസംഗീതം ചെയ്തു വിദ്യാധരന്‍. അതും ഒരു വിദ്യാധരന്‍ ടച്ചോടെ തന്നെ. രംഗങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന സംഗീതത്തില്‍ എല്ലാവര്‍ ക്കും തൃപ്തി, സന്തോഷം. മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ വഴിത്തിരിവായ ഒരു ക്ഷണം, ശ്രീമൂലനഗരം വിജയന്‍റേത്. പിന്നീട് മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനത്തിലേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു അവിടെ.
നാട്ടില്‍ എനിക്കൊരു നാടകട്രൂപ്പൂണ്ട്, വിജയാ തീയെറ്റേഴ്സ്. ആമുഖത്തോടെ വിജയന്‍ പറഞ്ഞുതുടങ്ങി. തുളസിത്തറ എന്ന നാടകത്തിനു വേണ്ടിയൊരു പാട്ടെഴുതി, വേറൊരാള്‍ സംഗീതവും ചെയ്തു. പക്ഷേ, ഒരു തൃപ്തി വരുന്നില്ല, ഒന്നു മാറ്റിച്ചെയ്യണം. ഒരാള്‍ സംഗീതം നല്‍കി യ ഗാനം മാറ്റിച്ചെയ്യാന്‍ മടി തോന്നിയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങി വിജയാ തിയെറ്റേഴ്സിലേക്ക്. ശ്രീമൂലനഗരം വിജയന്‍ തന്നെ എഴുതിയ വരികള്‍ക്കു സംഗീതം പകര്‍ന്നു. നല്ല പാട്ട്. പത്തു പതിനഞ്ച് സ്റ്റേജില്‍ ഈ പാട്ടോടെ നാടകം അരങ്ങേറി. എന്നാല്‍ പിന്നീടൊരു സിനിമയെക്കുറിച്ചാലോചിച്ചു... ആ പാട്ട് സിനിമയിലേക്കായി മാറ്റിവച്ചു. വിജയന്‍ സംവിധാനം ചെയ്ത എന്‍റെ ഗ്രാമം എന്ന സിനിമയില്‍, അന്തരിച്ച നടന്‍ സോമന്‍ പാടി അഭിനയിക്കുന്ന ആ ഗാനം, വരികള്‍ പോലെ, വിദ്യാധരസംഗീതത്തിന്‍റെ വിശുദ്ധിയുടെ തെളിവായി, കല്‍പ്പാന്തകാലം നിലനില്‍ക്കുക തന്നെ ചെയ്യുന്നു. കല്‍പ്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍...
അതായിരുന്നു ആ പാട്ട്. മുപ്പത്തിമൂന്നു കൊല്ലത്തിനു ശേഷവും മലയാളിയുടെ മന സിലെ മായാത്ത ഈണം. പിന്നീടങ്ങോട്ട് നിരവ ധി സിനിമകള്‍ ആഗമനം, വീണപൂവ്, അഷ്ടപദി, പാദമുദ്ര, നമ്മുടെ നാട്, അച്ചുവേട്ടന്‍റെ വീട്....
സംഗീതത്തിന്‍റെ സ്വര്‍ഗങ്ങളിലേക്കുയര്‍ത്തിയ ഗാനം, സ്വര്‍ഗങ്ങളേ... നഷ്ടസ്വര്‍ഗങ്ങളേ. അമ്പിളി സംവിധാനം ചെയ്ത വീണപൂവിലെ നഷ്ടസ്വര്‍ഗങ്ങളേ, കാവ്യഭാവന നിറഞ്ഞ വരികളിലേക്ക് ഈണം ഇടകലരുന്നതിന്‍റെ സുഖം നല്‍കുന്നു. ശ്രീകുമാരന്‍ തമ്പിയുടേതായിരുന്നു രചന. നഷ്ടസ്വര്‍ഗങ്ങള്‍ക്ക് ഈണം നല്‍കിയതിന്‍റെ ഓര്‍മ മായാ തെ നില്‍ക്കുന്നു മനസില്‍. മദ്രാസില്‍ നിന്നു ലിറിക്സ് എഴുതി ട്രെയ്നില്‍ കൊടുത്തുവിടുകയായിരുന്നു. അതേ ട്രെയ്നില്‍ത്തന്നെ തിരുവനന്തപുര ത്തെത്തി, പിറ്റേദിവസം യേശുദാസ് ആ പാട്ടു പാടുകയും വേണം. തീവണ്ടിയിലിരിക്കുമ്പോള്‍ മനസില്‍ വരികള്‍ മാത്രം. ഈണം നല്‍കി. സ്റ്റുഡിയോയില്‍ ഗാന ഗന്ധര്‍വനിരികില്‍ നിന്നു മൈക്കില്‍ കേള്‍ക്കാതെ പാട്ടു പറഞ്ഞു കൊടുത്തു പാടിച്ചു മാസ്റ്റര്‍.
അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാര മൂര്‍ത്തി ഓച്ചിറയില്‍... സന്ദര്‍ഭത്തോടു ചേര്‍ന്നു നിന്നു പാദമുദ്രയിലെ ഈ ഈണവും വരികളും. അച്ചുവേട്ടന്‍റെ വീട് എന്ന ചിത്രത്തിലെ ചന്ദനം മണക്കുന്ന പൂന്തോട്ടം, എന്‍റെ ഗ്രാമത്തിലെ വീണാപാണിനി. സിനിമയില്‍ പാട്ട് ആവശ്യമുള്ള സിറ്റുവേഷന്‍ വേണം, എങ്കില്‍ കറക്റ്റ് പ്ലെയ്സ്മെന്‍റായിരിക്കും, വിദ്യാധരന്‍ മാഷ് പറയുമ്പോള്‍, അനുഭവങ്ങളുടെ കരുത്ത്. സിനിമയില്‍ മാത്രമല്ല, നാട്ടുനന്മയുടെ ഈണങ്ങള്‍ ഇഴചേര്‍ന്ന ഗ്രാമീണഗാന ങ്ങള്‍, ഭക്തിഗാനങ്ങള്‍... വിദ്യാധരസംഗീതം ഒഴുകിയെത്തി എല്ലായിടത്തും. ഇന്നും സജീവമാണ് ആ ഈണങ്ങള്‍.
സംഗീതത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ എഴുതിച്ച ഗുരുനാഥന്‍ കൊച്ചക്കന്‍ ആശാന്‍റെ പേരിലുള്ള റോഡിലാണു വിദ്യാധരന്‍ മാസ്റ്ററുടെ വീട്, സരോവരം. മണ്ണിന്‍റെ തണുപ്പു ള്ള തിണ്ണയിലിരിക്കുമ്പോള്‍ മാസ്റ്റര്‍ ഹാര്‍മോണിയപ്പെട്ടിയില്‍ വിരലോടിച്ചു തുടങ്ങിക്കഴിഞ്ഞു. കന്മദപ്പൂ വിടര്‍ന്നാല്‍, കളിവിരുന്നൊരുക്കുന്ന കസ്തൂരിമാനല്ലോ നീ...

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. kalppantha kalatholam my favorite song....that is my hello tune..:)
    great writing anoopetta...

    ReplyDelete