Tuesday, May 10, 2011

ഒരിടത്തൊരു റഷീദ്



പുഴയ്ക്കരികില്‍ നിലാവിന്‍റെ നിഴലുള്ള ഇരുട്ട്.


പുഴയ്ക്കക്കരെ നിന്നൊരു പതിഞ്ഞ ചോദ്യം.


.....അക്കരെ വള്ളമുണ്ടോ...?


തവളപിടുത്തക്കാരുടെ മറുപടി.


.....ഇല്ല.


പുഴയിലെന്തോ വീഴുന്ന ശബ്ദം. വള്ളം അന്വേഷിച്ച ആ ശബ്ദം ഇക്കരയ്ക്കു നീന്തിയടുക്കുകയാണ്. ഇനി പൊലീസോ മറ്റോ ആണോ, തവളപിടുത്തക്കാരില്‍ ഒരാള്‍ക്കു സംശയം. അടുത്തടുത്തു വരുന്ന നീന്തല്‍ശബ്ദത്തിന്‍റെ ഊഹാപോ ഹങ്ങളില്‍ നിന്നൊരാള്‍ കരയിലേ ക്കു കയറുന്നു. സാമാന്യം തടിച്ച ശരീരം. മുഖം വ്യക്തമല്ലാത്ത ആ ശരീരത്തെ നോക്കി, തവളപിടുത്തക്കാരന്‍ വീണ്ടും ചോദിച്ചു, ആരാ....?


ഒരു ഫയല്‍വാന്‍.
എണ്‍പതുകളുടെ അഭ്രപാളിയില്‍, പുഴയ്ക്കക്കരെ നിന്ന് ഒരു ഉജ്വല കഥാപാത്രമായി നീന്തിക്കയറിയ ഫയല്‍വാന്‍. ഒരിടത്തൊരു ഫയല്‍വാന്‍ എന്ന പത്മരാജന്‍ ചിത്രത്തിലെ, ഫയല്‍വാന് പേരില്ലായിരുന്നു. അന്നും ഇന്നും ആ കഥാപാത്രം ഫയല്‍വാന്‍.


ഫയല്‍വാന്‍, മലയാളിയുടെ മനസിലേക്കു നീന്തിക്കയറിയിട്ടു മുപ്പതു വര്‍ഷത്തോളമാകുന്നു. തിരുവനന്തപുരത്തു നിന്നു കോവളത്തിനു പോകുന്ന വഴി. കമലേശ്വ രത്ത് ബസ്സിറങ്ങി കമല്‍ നഗറിലെ പതിനേഴാം നമ്പര്‍ വീട്ടിലെത്തുമ്പോഴും മനസില്‍ സംശയം ബാക്കിയായിരുന്നു. ഫോണില്‍ കേട്ട ശബ്ദം ഫയല്‍വാന്‍റേതു തന്നെയായിരുന്നോ? പത്മരാജന്‍റെ ഫയല്‍വാനെത്തേടിയുള്ള അന്വേഷണം ചെന്നെത്തി നില്‍ക്കുന്നതു മറ്റാരിലെങ്കിലും ആയിരിക്കുമോ...? വാതിലിനപ്പുറത്തെ ഇരുട്ടിലേക്കു നോക്കി. പുഴയ്ക്കരികില്‍ നിലാവിന്‍റെ നിഴലുണ്ടായിരുന്ന ഇരുട്ട് മനസില്‍ പടര്‍ന്നു. ഫയല്‍വാന്‍ ഇറങ്ങി വന്നു.


കവണാറ്റിന്‍കരക്കാര്‍ക്കു നന്ദി പറഞ്ഞ അക്ഷരങ്ങള്‍ക്കു ശേഷം, പ്രത്യേകിച്ചു വിശദീകരണങ്ങളൊന്നുമില്ലാതെ സ്ക്രീനില്‍ റഷീദ് എന്നു തെളിഞ്ഞത് ഓര്‍ത്തു പോയി. ഒരു കഥാപാത്രത്തിന്‍റെ കരുത്തില്‍, പിന്നീടങ്ങോട്ടു ഫയല്‍വാ നായി അറിയപ്പെട്ട എന്‍. അബ്ദുള്‍ റഷീദ്. സിനിമ കഴിഞ്ഞിട്ടും മലയാളിക്ക് ഫയല്‍വാന്‍ എന്നാല്‍ ഈ മനുഷ്യനായിരുന്നു.






അപ്രതീക്ഷിത ട്വിസ്റ്റ്
ഗോദയുടെ അതിര്‍ത്തിയില്ലാ ത്ത ജീവിതാനുഭവങ്ങളുമായി ഗുസ്തിപിടിച്ച കഥ വിവരിക്കുമ്പോള്‍, എതിരാളിയുടെ അടുത്ത നീക്കത്തിനു കാക്കുന്ന ഒരു ഫയല്‍വാന്‍റെ കരുതലുണ്ട്, ഓരോ ശബ്ദനീക്കത്തിലും. ഗതി മാറിയെത്താവുന്ന ഒരു ചോദ്യത്തെ നിലംപരിശാക്കാനുള്ള തന്ത്രങ്ങ ളും കൈമോശം വന്നിട്ടില്ല. പാളയം കല്ലുവെട്ടാംകുഴിയില്‍ നൂഹു ഖാന്‍റെയും ഐഷ ബീവിയുടെയും എട്ടു മക്കളില്‍ അഞ്ചാമന്‍. പതിനാറാം വയസില്‍ ബോഡി ബില്‍ഡിങ്ങിലേക്കിറങ്ങിയ പയ്യന്‍. വോളിബോള്‍ പ്ലെയറായിരുന്നു ആദ്യം, കെഎസ്ആര്‍ടിസിയിലെ ജീവനക്കാരനും. ഗുരു സുകുമാരന്‍ നായരുടെ സ്വാധീനത്തില്‍ ഗുസ്തിയുടെ ലോകത്തില്‍. ഗോദയില്‍ നേട്ടങ്ങളുടെ കാലം. ആയിടയ്ക്കാ ണു കണ്ണൂരില്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ്. റഷീദിന്‍റെ നേതൃത്വത്തിലുള്ള ടീം ജേതാക്കളായി. പിറ്റേ ന്നു പത്രത്തില്‍, ആ ടീമിന്‍റെ ചിത്രം അച്ചടിച്ചുവന്നു. റഷീദിന്‍റെ ജീവിതകഥ മാറുകയാണ് ഈ ചിത്രത്തിലൂടെ. അപ്രതീക്ഷിതമായി ഒരു ട്വിസ്റ്റ്.


പത്രത്തില്‍ തന്‍റെ പടം നോക്കിയിരിക്കുകയായിരുന്നു റഷീദ്. ആരോ വന്നു പറഞ്ഞു, ഒരു തടിയന്‍ ഇങ്ങോട്ടു കയറി വരുന്നുണ്ടെടാ... സ്റ്റില്‍ ഫോട്ടൊഗ്രഫറും നടനുമായ എന്‍.എല്‍. ബാല കൃഷ്ണന്‍. ബാലകൃഷ്ണനെ നേരത്തെ പരിച യമുണ്ട്. നീയിങ്ങു വന്നേ... സാറ് പുറത്തു നില്‍ക്കുന്നുണ്ട്, ബാലകൃഷ്ണന്‍ പറഞ്ഞു. ദൂരെ ഫിയറ്റ് കാറില്‍ ചാരിനില്‍ക്കുന്നു, പത്മരാജന്‍. വീട്ടില്‍ കയറാതെ ദൂരെ മാറിനിന്നതില്‍ കാരണമുണ്ടായിരുന്നു, റഷീദിന്‍റെ നടത്തം കാണണം. താന്‍ അക്ഷരങ്ങളില്‍ ജനിപ്പിച്ച ഫയല്‍വാന്‍ നടക്കുന്ന പോലെയാണോ എന്നറിയണം. പത്രത്തിലെ ചിത്രം കണ്ട്, ബാലകൃഷ്ണനെയും വിളിച്ച് ഫയല്‍വാനെ അന്വേഷിച്ചിറങ്ങിയതാണ് പത്മരാജന്‍.


മലയാളസിനിമയുടെ അഭ്രപാളിയും കടന്ന്, ആഗോള അംഗീകാരത്തിന്‍റെ പൂച്ചെണ്ടുകള്‍ നേടിയ ആ കഥാപാത്രത്തെക്കുറിച്ച് പത്മരാജന്‍ നല്‍കിയ ആദ്യ ഇന്‍ട്രൊഡക്ഷന്‍,


ഒരു പടം ചെയ്യുന്നുണ്ട്, അതില്‍ ഒരു ഗുസ്തിക്കാരന്‍റെ ശകലം വേഷമുണ്ട്,


സഹകരിച്ചൂടെ...?


സമ്മതം മൂളിയപ്പോള്‍, വേളി ക്ലബ്ബ് വരെ പോകാമെന്നായി, ലങ്കോട്ടിയും എടുത്തോളൂ എന്നും പറഞ്ഞു. ക്ലബ്ബിലെത്തിയപ്പോള്‍ നെടുമുടി വേണുവും തോപ്പില്‍ ഭാസിയുടെ മകന്‍ അജയനുമുണ്ട്. കവിളിനെ ഭാഗികമായി മറച്ചിരുന്ന കൃതാവ് എടുക്കണമെന്നും, മീശ വടിക്കണമെന്നുമൊക്കെ പത്മരാജന്‍ പറഞ്ഞു. നീന്തുന്നതു കാണണമെന്നും പറഞ്ഞു.


റഷീദിനെ കഥാപാത്രമായി പരുവപ്പെടുത്തുകയായിരുന്നു പത്മരാജന്‍. ഇനി മുതല്‍ മുണ്ടുടു ത്ത് നടക്കണം. ശകലം വേഷം എന്നു പറഞ്ഞ പത്മരാജന്‍ തിരുത്തി, നായകനാണ്. പേടിക്കണ്ട, പറഞ്ഞു തരുന്നതു ചെയ്താല്‍ മതി. ക്യാമറയെത്തുന്നതിനു മുന്‍പേ, സംവിധായകന്‍ ആക്ഷന്‍ പറയുന്നതിനു മുന്‍പേ റഷീദ് ഫയല്‍വാ നായി മാറിത്തുടങ്ങി. ജോലിക്കു പോകുമ്പോള്‍ മുണ്ടുടുത്ത്, കാല്‍ അകത്തിയകത്തി നടപ്പു തുടങ്ങി. ഒരു മാസം കഴിയുമ്പോള്‍, മനസും ശരീര വും ഫയല്‍വാന്‍റേതായി മാറിക്കഴിഞ്ഞിരുന്നു.






ഗുസ്തി ഒറിജിനല്‍




കോട്ടയം കുമരകത്തായിരുന്നു ലൊക്കേഷന്‍. ഒരു സിനിമയുടെ ചടുലതകളില്‍, ഫയല്‍വാന്‍റെ മനസു പതറാതിരിക്കാന്‍, പേടിക്കാതിരിക്കാന്‍ പത്മരാജന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എത്ര ഫിലിം വേണമെങ്കിലും പൊയ്ക്കോട്ടെ, കുഴപ്പമില്ല എന്നും പറഞ്ഞു, റഷീദിനോട്. ഷൂട്ടിങ് സമയത്തു ഫയല്‍വാന്‍റെ നിഷ്ഠകള്‍ കൃത്യമാ യി പാലിച്ചു. എല്ലാ ദിവസവും രാവിലെ ശരീരം എണ്ണയിട്ടു മസാജ് ചെയ്യും, ശേഷം പുഴയില്‍ കുളി. പ്രത്യേക ഭക്ഷണം. വിശ്രമവേളയില്‍ കടവരാന്തയില്‍ കാറ്റുകൊണ്ട് ഉറക്കം.


ആദ്യ ഷോട്ടിന്‍റെ ഓര്‍മ. മരത്തിനു ചുവട്ടില്‍ വിശ്രമിക്കുന്നു ഫയല്‍വാന്‍. ജോസ് പ്രകാശിന്‍റെ അനിയന്‍ പ്രേം പ്രകാശ് അവതരിപ്പിച്ച വെടിക്കാരന്‍, ഇറച്ചിയുമായെത്തി. വെടിയിറച്ചി കാണുമ്പോള്‍ വെള്ളമിറക്കണം. പക്ഷേ, വെള്ളമിറക്കുമ്പോള്‍ റഷീദിന്‍റെ തൊണ്ടയനങ്ങുന്നില്ല. സംവിധായകന്‍ കട്ട് പറഞ്ഞു. ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചു. വീണ്ടും ടേക്ക്. ഇത്തവണ തൊണ്ടയനങ്ങി. ഫയല്‍വാന്‍റെ കൊതി ക്യാമറയില്‍ കിട്ടി. ലൊക്കേഷനില്‍ ലൈറ്റ് ബോയ്സ് അടക്കമുള്ളവരും നാട്ടുകാരും കൈയടിച്ചു. കവണാറ്റിന്‍കരയ്ക്കും അവിടുത്തെ വെടിക്കാര്‍ ക്കും ടൈറ്റില്‍ കാര്‍ഡില്‍ നന്ദി അറിയിച്ചു പത്മരാജന്‍.


ഒരിടത്തൊരു ഫയല്‍വാനിലെ ഗുസ്തി സീനുകളെക്കുറിച്ചു സംശയം ഉന്നയിക്കുന്നത് റഷീദിനിഷ്ടമല്ല. കുമരകം കുരിശടിക്കു മുന്നില്‍ റെഡ് ഓക്സൈഡ് വിരിച്ചു ഗോദയുണ്ടാക്കി. ഗുസ്തി ചിത്രീകരിക്കാന്‍ മറ്റൊരു ഗുസ്തിക്കാരനെ വേണം. ആന്ധ്രയില്‍ നിന്നു ഫയല്‍വാനെ കൊണ്ടുവരാമെന്നു വരെ ആലോചിച്ചു. ഒടുവില്‍ കോട്ടയത്തു നിന്നുതന്നെ ഗുസ്തിയില്‍ സ്റ്റേറ്റ് ചാംപ്യനായ സെയ്ദ് മുഹമ്മദ് എത്തി. രണ്ടു ക്യാമറകള്‍ വച്ച് കട്ടുകള്‍ ഇല്ലാതെയായിരുന്നു ചിത്രീകരണം. പക്ഷേ, ഇതിനിടയില്‍ ആരോ സെയ്ദ് മുഹമ്മദിനെ പിരി കയറ്റിയിരുന്നു. റഷീദ് തിരുവനന്തപുരത്തുകാരനാണ്, സിനിമയൊ ക്കെ ശരി, ഗുസ്തിയില്‍ നീ തന്നെ ജയിക്കണം, കോട്ടയത്തുകാരുടെ മാനം കാക്കണം...


ഗുസ്തി തുടങ്ങി. ഒരു ക്യാമറ മരത്തിനു മുകളില്‍. റെഡ് ഓക്സൈഡ് ചൂടുപിടിച്ച് കാലു പൊള്ളിത്തുടങ്ങി. റഷീദിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, ചാടിപ്പിടുത്തമായിരുന്നു, നിലത്തു നില്‍ക്കാന്‍ പറ്റാത്തയത്ര ചൂട്. അപ്പോഴാണു റഷീദ് ശ്രദ്ധിച്ചത്, പിടുത്തം മുറുകുകയാണ്. പറഞ്ഞപോലെയൊന്നും സെയ്ദ് നില്‍ക്കുന്നില്ല. റഷീദിനെ മലത്താനാണു നോക്കുന്നത്. സംഗതി മനസിലായപ്പോള്‍ പത്മരാജന്‍ കട്ട് പറഞ്ഞു, എന്താ സെയ്ദേ ഇത്, ഫയല്‍വാന്‍ ജയിക്കണം, അതാണു വേണ്ടത്... വീണ്ടും ആക്ഷന്‍ പറഞ്ഞു. പക്ഷേ, മാറ്റമൊന്നുമില്ല, കോട്ടയത്തുകാരുടെ മാനം കാക്കാന്‍ ഉറച്ചിരിക്കുകയാണ് സെയ്ദ്. വീണ്ടും കട്ട് പറഞ്ഞു. പത്മരാജന്‍ ചിത്രീകരണം അവസാനിപ്പിച്ചു. രണ്ടു ദിവസം കഴി ഞ്ഞ് എടുക്കാമെന്ന തീരുമാനത്തില്‍ പിരിഞ്ഞു.






ഫയല്‍വാന്‍ജിയും പപ്പാജിയും


ആ ഗുസ്തി സീന്‍ വീണ്ടും എടുക്കുന്നതിനു മുന്‍പ് വിശ്രമിക്കുകയായിരുന്ന റഷീദിന്‍റെ പുറകിലൊരു ശബ്ദം. നേരെ പിടിച്ച് അടിച്ചൂടെ..? നോക്കുമ്പോള്‍ പത്മരാജനാണ്. സെയ്ദിനെ നേരെ പിടിച്ച് അടിച്ചൂടെ എന്നാണു ചോദ്യം. പിടിച്ചു നോക്കാം, ജയിക്കാണെങ്കില്‍ ജയിക്കട്ടെ, റഷീദിന്‍റെ മറുപടി. ഒന്നും നോക്കണ്ട മലത്തിക്കോ, എന്നു പത്മരാജന്‍ കരുത്തു നല്‍കി. ഗുസ്തി തുടങ്ങി. ഇക്കുറിയും സെയ്ദ് തീരുമാനം മാറ്റിയിട്ടില്ലെന്നു പിടുത്തം തുടങ്ങിയപ്പോള്‍ത്ത ന്നെ മനസിലായി. അക്ഷരങ്ങളില്‍ തന്നെ സൃഷ്ടിച്ച്, ഗോദയിലേക്കിറക്കി വിട്ട സ്രഷ്ടാവിന്‍റെ നിര്‍ദേശം മറക്കുന്നതെങ്ങനെ. സെയ്ദിനെ മലത്തി, രണ്ടു തുടയും വാരിയെല്ലില്‍ അമര്‍ത്തി, എഴുന്നേല്‍ക്കാന്‍ പറ്റാത്തവിധമാക്കി, ഗുസ്തിഭാഷയില്‍ പറഞ്ഞാല്‍, ഗലാല്‍ജങ്ക്. പത്മരാജന്‍ സന്തോഷം കൊണ്ട് ഓടിവന്ന്, റഷീദിനെ എടുത്തുപൊക്കി. രണ്ടു പേരും കൂടി നിലത്ത്...ഫയല്‍വാന്‍ജി മുകളില്‍ പപ്പാജി അടിയില്‍. രണ്ടുപേരും പരസ്പരം വിളിച്ചിരുന്നത് അങ്ങനെയായിരുന്നു. ചിത്രത്തില്‍, ഫയല്‍വാന്‍ ഓട്ടൊറിക്ഷ പിടിച്ചു നിര്‍ത്തുന്ന രംഗവും ഒറിജിന ലായിരുന്നു. ന്യൂട്രലില്‍ ഇട്ട് റെയ്സ് ചെയ്തു നിര്‍ത്തിയാല്‍ പോരെ എന്നു ചോദിച്ചപ്പോള്‍, പൂര്‍ണത ആഗ്രഹിച്ച സംവിധായകന്‍ സമ്മതിച്ചില്ല. പത്മരാജന്‍റെ വിശ്വാസം കാത്തു ഫയല്‍വാന്‍, യന്ത്രം തോറ്റു, ഫയല്‍വാന്‍ ജയിച്ചു.



കുടുംബം പോലെ കഴിഞ്ഞ ഫയല്‍വാന്‍റെ ഷൂട്ടിങ് ഒരു മാസത്തിലധികം നീണ്ടു.






ഒരിടത്തൊരിടത്തൊരിടത്ത്...






തിരുവനന്തപുരം ടാഗോര്‍ തിയെറ്ററില്‍ ഒരിട ത്തൊരു ഫയല്‍വാന്‍റെ പ്രിവ്യൂ ഷോ കണ്ട് കെട്ടിപിടിച്ച് ഉമ്മവച്ചു, നാടകകൃത്ത് കെ.ടി മുഹമ്മദ്. അഭിനന്ദിച്ചവര്‍ ഒരുപാടുപേര്‍. തിയെറ്ററില്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍, ആദ്യമായി ഫയല്‍വാന്‍ സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഇരുട്ടില്‍ ഏതോ ചെറുപ്പക്കാരുടെ കമന്‍റ്, ഇവന്‍ കിഴക്കേക്കോട്ടയില്‍ വച്ചു കാണുന്ന സാധനമല്ലേടാ. സെന്‍ട്രല്‍ ജിമ്മും, സ്ഥിരം താവളങ്ങളും സങ്കേതമാക്കിയ റഷീദ് തിരുവനന്തപുരത്തുകാര്‍ക്ക് പരിചിതന്‍. കെഎസ്ആര്‍ടിസിയിലെ ഉദ്യോഗ സ്ഥന്‍. സജീവസിനിമയുടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഔദ്യോഗികജീവിതത്തിലേക്കു കടക്കുമ്പോഴും, ഇടയ്ക്കിടെ മടങ്ങിവന്നു. പത്മരാജന്‍റെ തന്നെ രണ്ടു ചിത്രങ്ങള്‍ - അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, പറന്ന് പറന്ന് പറന്ന്. പിന്നെ മുത്താരം കുന്ന് പി.ഒ, വിളംബരം, വിയറ്റ്നാം കോളനി, ലാല്‍സലാം...


ആരോടും വിളിച്ച് ഒരു റോള്‍ വേണമെന്നു ചോദിക്കേണ്ടി വരില്ല, ഈയൊരു പടം മതി. ഈ കഥാപാത്രം മതി... പത്മരാജന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍മയിലുണ്ട്. അതക്ഷരംപ്രതി അനുസരിച്ചിട്ടുമുണ്ട്. ഇന്നേവരെ അവസരം തേടിയു ള്ള ഓര്‍മപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല. അപേക്ഷിച്ചിട്ടില്ല. പത്മരാജന്‍ നല്‍കിയ സ്നേഹത്തിന്‍റെ ഊഷ്മളത ഒരിക്കലും മറക്കാനാകില്ല. 1991 ജനുവരിയില്‍ പത്മരാജന്‍ ഓര്‍മയാകുമ്പോള്‍, റഷീദ് ഡല്‍ഹിയിലായിരുന്നു. വലിയ മനുഷ്യനായിരുന്നു, നല്ല സ്വഭാവം, വ്യക്തിത്വം....അഭിനേതാവിനെ എങ്ങനെ കഥാപാത്രമാക്കണമെന്നറിയാം, ഫയല്‍വാന്‍ജി പറഞ്ഞു തീരുന്നില്ല പപ്പാജിയുടെ ഓര്‍മകള്‍.


ഒരു പക്ഷേ, റഷീദിന്‍റെ ജീവിതനിയോഗമായിരുന്നിരിക്കണം, ആ കഥാപാത്രം. എത്രയോ കാല ങ്ങള്‍ക്കു ശേഷവും ഫയല്‍വാനായി അറിയപ്പെടുന്നതും അതുകൊണ്ടായിരിക്കും. കഥാപാത്രത്തിനു സംവിധായകന്‍ നല്‍കിയ നിഷ്ഠകള്‍ ജീവിതത്തിലും റഷീദ് തുടരുന്നു. പപ്പാജി സൃഷ്ടിച്ച ഫയല്‍വാന്‍റെ ശരീരത്തോടു നീതി പുലര്‍ത്തണമെ ന്ന അജ്ഞാതമായ ആഗ്രഹം അറുപതാം വയസിലും. കെഎസ്ആര്‍ടിസിയില്‍ അസിസ്റ്റന്‍റ് ട്രാന്‍സ്പോര്‍ട് ഓഫിസറായി വിരമിച്ചു. ഇപ്പോഴും രാവിലെ അഞ്ചു മണിക്കൂര്‍ നടത്തം, വ്യായാമം. പിന്നെ നഗരത്തിലേക്കിറങ്ങും, സൗഹൃദക്കൂട്ടായ്മകളില്‍, ഔദ്യോഗികജീവിതത്തിന്‍റെ ഓര്‍മ കള്‍ തുടിക്കുന്ന സങ്കേതങ്ങളില്‍. വാക്കുകളില്‍ സിനിമാകാലത്തെ വിവരിക്കുമ്പോള്‍, ചിലപ്പോള്‍ ചിരിച്ചും ചിന്തിച്ചും, ഇടയ്ക്ക്, ഇടത്തുമാറി ഗുസ്തിയുടെ മുറകള്‍, പ്രയോഗങ്ങള്‍, എല്ലാം വിവരി ച്ചു തന്നു. ഇപ്പോള്‍ വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുകയാണ് റഷീദ്, ഒരു തമിഴ് സിനിമ.


തിരികെയിറങ്ങുമ്പോഴും ഫയല്‍വാനായിരു ന്നു മനസില്‍. ഗ്രാമത്തിനത്ഭുതമായി വന്ന്, അവ രിലൊരാളായി, ജീവിതത്തിന്‍റെ ഗോദയില്‍ ഒരു പെണ്ണിനു മുന്നില്‍ പരാജിതനായി. ഒടുവില്‍ ഒരു ചുവന്ന ആകാശത്തിന്‍റെ പശ്ചാത്തലത്തില്‍, നടവഴിയിലൂടെ ഫയല്‍വാന്‍ നടന്നകലുന്നു. അപ്പോള്‍ പത്മരാജന്‍ പറഞ്ഞു കൊണ്ടേയിരുന്നു,


ഒരിടത്തൊരിടത്തൊരിടത്തൊരിടത്തൊരിടത്ത്......

8 comments:

  1. Good article on Rasheed......Anoop, you can find out all those people who have come and gone in the film field.....best wishes...jml

    ReplyDelete
  2. റഷീദ് എന്ന ഫയല്‍വാനിലേക്ക് ഒട്ടേറെ അടുപ്പിച്ചു ഈ പോസ്റ്റ്.. വളരെ ഉപകാരപ്രദം.

    ReplyDelete
  3. Nice article Anoop.... Brief and informative.. Congrats n Thnx friend..

    ReplyDelete
  4. പി. കെ. രാജേഷ്‌ ബാബു. ഗുരുവായൂര്‍July 7, 2013 at 8:32 AM

    അഭിനന്ദനാര്‍ഹം.......

    ReplyDelete
  5. ഇത് വേറെ ഒരു വെബ്സൈറ്റ് ൽ കണ്ടു.

    ReplyDelete